റിസർവ് ബാങ്ക് ഡിജിറ്റൽ കറൻസിയുടെ പരീക്ഷണം രാജ്യത്ത് 80 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. കഴിഞ്ഞ വർഷം നവംബറിൽ 13 നഗരങ്ങളിലായിട്ടാണ് പരീക്ഷണം തുടങ്ങിയത്. കേരളത്തിലടക്കം പലർക്കും, ഇ–റുപ്പി പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള ഇ–മെയിലും, എസ്എംഎസും ബാങ്കുകളിൽ നിന്ന് ലഭിക്കുന്നുണ്ട്. എസ്ബിഐ അടക്കം 13 ബാങ്കുകൾ നിലവിൽ ഇ–റുപ്പി പദ്ധതിയിലുണ്ട്.
പൈലറ്റ് പദ്ധതിയിൽ ഉപയോക്താക്കളുടെ എണ്ണം ക്രമേണ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ക്ഷണം. ഇ–റുപ്പി വോലറ്റ് ഉപയോഗിച്ച് കടകളിൽ നിന്ന് സാധനം വാങ്ങാൻ കഴിയും. വ്യാപാര സ്ഥാപനങ്ങളിലെ യുപിഐ ക്യുആർ കോഡുകൾ (മെർച്ചന്റ് ക്യുആർ) സ്കാൻ ചെയ്ത് പണമടയ്ക്കാം. ഇ–റുപ്പി വോലറ്റുള്ള മറ്റൊരു വ്യക്തിക്ക് നേരിട്ടും അയയ്ക്കാം. ഒരിടപാടിൽ 10,000 രൂപ വരെ അയയ്ക്കാം. 1 ലക്ഷം രൂപ വരെ ഒരു സമയം വോലറ്റിൽ സൂക്ഷിക്കാം