വ്യാപാരികളുടെ ബിസിനസ് ടു ബിസിനസ് ഇടപാടുകൾക്ക് ഇ–ഇൻവോയിസിങ് നിർബന്ധമാക്കാനുള്ള പരിധി 5 കോടി രൂപയായി കുറയ്ക്കാൻ നിലവിൽ പദ്ധതിയില്ലെന്ന് കേന്ദ്ര പരോക്ഷ നികുതി വകുപ്പ് (സിബിഐസി). ജനുവരി ഒന്നു മുതൽ 5 കോടി രൂപയിലേറെ വാർഷിക വിറ്റുവരവുള്ള ജിഎസ്ടി റജിസ്ട്രേഷനുള്ള വ്യാപാരികൾ ഇ–ഇൻവോയിസിങ് നടപ്പാക്കുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു സിബിഐസി. ഇത്തരം വാർത്തകൾ വ്യാപാരികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കി. ജിഎസ്ടി കൗൺസിൽ ഇത്തരമൊരു ശുപാർശ മുന്നോട്ടുവച്ചിട്ടില്ല.
10 കോടി രൂപയിലേറെ വാർഷിക വിറ്റുവരവുള്ള ജിഎസ്ടി റജിസ്ട്രേഷനുള്ള വ്യാപാരികൾക്ക് മാത്രമാണ് നിലവിൽ ഇ–ഇൻവോയിസിങ്. ഓഗസ്റ്റിലാണ് പരിധി 20 കോടിയിൽ നിന്ന് 10 കോടിയായി കുറച്ചത്. 2020 ഒക്ടോബർ ഒന്നിന് ഇ–ഇൻവോയിസ് നിർബന്ധമാക്കുമ്പോൾ പരിധി 500 കോടി രൂപയായിരുന്നു. ഇത് പിന്നീട് 2021 ജനുവരിയിൽ 100 കോടിയാക്കി. 2021 ഏപ്രിലിൽ 50 കോടിയും 2022 ഏപ്രിലിൽ ഇത് 20 കോടിയുമായി കുറച്ചു. വ്യാജ ബില്ലുകൾ വഴിയുള്ള നികുതിവെട്ടിപ്പു തടയാനും റിട്ടേൺ സമർപ്പണം എളുപ്പമാക്കുന്നതിനുമാണ് ഇ–ഇൻവോയ്സ് നിർബന്ധിതമാക്കുന്നത്.