ആരോഗ്യ ഇൻഷുറൻസ് പോളിസികൾ പുതുക്കുന്നതിന് ഉടമകൾക്ക് നിർബന്ധമായും ഗ്രേസ് പീരിയഡ് അനുവദിക്കണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആർഡിഎഐ) ഉത്തരവ്. പോളിസി കാലയളവിനുള്ളിൽ, ഏതെങ്കിലും കാരണത്താൽ പ്രീമിയം അടച്ച് പുതുക്കാൻ കഴിയാത്തവർക്ക് ഈ അധികസമയം ഗുണകരമാണ്.
ഒരു വർഷം, 6 മാസം, 3 മാസം എന്നീ ഇടവേളകളിൽ പ്രീമിയം അടയ്ക്കുന്നവർക്ക് 30 ദിവസവും, പ്രതിമാസ പ്രീമിയം അടയ്ക്കുന്നവർക്ക് 15 ദിവസവുമാണ് ഗ്രേസ് പീരിയഡ് ആയി ലഭിക്കുക. ഗ്രേസ് പീരിയഡിൽ പ്രീമിയം അടയ്ക്കുന്നവർക്ക് അവരുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടില്ല. പോളിസി കാലയളവിൽ തവണകളായി പ്രീമിയം അടച്ചവർക്ക് ഗ്രേസ് പീരിയഡിലും കവറേജ് ലഭിക്കും. മുൻപ് ഇത് നിർബന്ധമല്ലായിരുന്നു.
പല ഇൻഷുറൻസ് കമ്പനികളും വ്യത്യസ്തമായ തോതിൽ ഗ്രേസ് പീരിയഡ് നൽകുന്നുണ്ടെങ്കിലും ഏകീകൃത ചട്ടമുണ്ടായിരുന്നില്ല. മുൻപ് ഇറക്കിയ 55 സർക്കുലറുകൾക്ക് പകരമാണ് ഐആർഡിഎഐയുടെ പുതിയ മാസ്റ്റർ സർക്കുലർ.