ഇലോൺ മസ്ക്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനത്തിന് വൈകാതെ ഇന്ത്യയിൽ ലൈസൻസ് ലഭിച്ചേക്കും. ഡേറ്റ സ്റ്റോറേജ് പോലെയുള്ള വിഷയങ്ങളിൽ കമ്പനിയിൽ നിന്ന് തൃപ്തികരമായ മറുപടി ലഭിച്ചതായി ടെലികോം വകുപ്പ് വൃത്തങ്ങൾ സൂചിപ്പിച്ചു. ഗ്ലോബൽ മൊബൈൽ പഴ്സനൽ കമ്യൂണിക്കേഷൻ ബൈ സാറ്റലൈറ്റ് (ജിഎംപിസിഎസ്) ലൈസൻസ് ആണ് നൽകുന്നത്. ഇതിനു മുൻപായി സുരക്ഷാപരിശോധനയുമുണ്ടാകും.
ഡയറക്ട് ടു ഹോം ഡിഷ് ടിവി സേവനത്തിനു സമാനമായി കെട്ടിടങ്ങളുടെ മുകളിൽ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിന വഴിയാണ് ഉപഗ്രഹ ഇന്റർനെറ്റ് നൽകുന്നത്.
കേബിൾ എത്തിപ്പെടാത്ത വിദൂരസ്ഥലങ്ങളിൽ പോലും ഇന്റർനെറ്റ് ലഭിക്കുമെന്നതാണ് മെച്ചം. സെക്കൻഡിൽ 50 എംബി മുതൽ 150 എംബി വരെ സ്പീഡ് പരീക്ഷണ വേർഷനായ ബീറ്റയിൽ ലഭിക്കുമെന്നാണ് സ്റ്റാർലിങ്കിന്റെ അവകാശവാദം.