എസി, വാഷിങ് മെഷീൻ, റഫ്രിജറേറ്റർ അടക്കമുള്ള വലിയ ഇലക്ട്രോണിക് ഗൃഹോപകരണങ്ങളുടെ വാറന്റി/ ഗാരന്റി കാലാവധി അവ ഇൻസ്റ്റാൾ ചെയ്യുന്ന ദിവസം മുതലേ ആരംഭിക്കാവൂ എന്ന് കമ്പനികളോട് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച നയത്തിൽ മാറ്റം വരുത്തണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം.
നിലവിൽ ഇത്തരം ഉപകരണങ്ങൾ വാങ്ങുന്ന തീയതി മുതലാണ് വാറന്റി/ഗ്യാരന്റി. ഇതിനു പകരം ടെക്നീഷ്യൻ എത്തി ഇൻസ്റ്റാൾ ചെയ്യുന്ന ദിവസം മുതലാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം സെക്രട്ടറി ആണ് നിർമാതാക്കൾക്ക് കത്തയച്ചത്.ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ നിന്നടക്കം ഉൽപന്നം വാങ്ങിയ ശേഷം ദിവസങ്ങൾ കഴിഞ്ഞായിരിക്കും ടെക്നീഷ്യൻ എത്തുക. ഇത്രയും ദിവസം ഉൽപന്നം ഉപയോഗിക്കാനാവില്ല. ഈ സമയം വാറന്റി/ഗ്യാരന്റി കാലാവധിയായി പരിഗണിക്കുന്നത് ശരിയല്ലെന്നാണ് മന്ത്രാലയം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഓൺലൈനായി ഉൽപന്നം വാങ്ങുമ്പോൾ ഡെലിവറിക്കുള്ള സമയം കൂടി വാറന്റി/ഗ്യാരന്റി പരിധിയിൽ വരും. ഉപയോക്താവിന് ഉൽപന്നം ഉപയോഗിക്കാൻ കഴിയാത്ത സമയപരിധി വാറന്റിയിൽ ഉൾപ്പെടുത്തുന്നത് 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിനു വിരുദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.