ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികൾക്ക് ഏകീകൃത രൂപം; തൽക്കാലം വേണ്ടെന്ന് കേന്ദ്ര സർക്കാർ

ഇലക്ട്രിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ ബാറ്ററികൾക്ക് ഏകീകൃത രൂപം കൊണ്ടുവരാനുള്ള നീക്കം തൽക്കാലം വേണ്ടെന്നു വയ്ക്കാൻ കേന്ദ്ര സർക്കാരിന്റെ ഉന്നതതല യോഗം തീരുമാനിച്ചു.നിലവിൽ, വാഹന നിർമാതാക്കൾ ഉപയോഗിച്ചിരിക്കുന്ന അതേ ബാറ്ററി മാത്രമേ പിന്നീടും അതേ വാഹനത്തിൽ ഉപയോഗിക്കാൻ കഴിയൂ. ഏതു കമ്പനിയുടെ പാചക വാതക സിലിണ്ടറിനും ഒരേ തരം റഗുലേറ്റർ നിർബന്ധമാക്കിയ പോലെ ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികളും ഏകീകരിക്കാനായിരുന്നു സർക്കാർ നീക്കം. 

ഇങ്ങനെ വന്നാൽ ഏതു കമ്പനിയുടെ ബാറ്ററിയും ഉപയോക്താവിനു വാങ്ങാൻ കഴിയും. കമ്പനികളുടെ കുത്തക ഇല്ലാതാവുകയും വില കുറയാൻ ഇത് ഇടയാക്കുകയും ചെയ്യുമായിരുന്നു.എന്നാൽ, ഇലക്ട്രിക് വാഹന ബാറ്ററികളുടെ കാര്യത്തിൽ ഇപ്പോൾ നടക്കുന്ന ഗവേഷണങ്ങൾ നിരുത്സാഹപ്പെടുത്തുന്നതാവും തീരുമാനമെന്നു വാഹന നിർമാതാക്കളും ബാറ്ററി നിർമാതാക്കളും ഒരുപോലെ നിലപാടെടുത്തതോടെ പുതിയ അപ്ഡേഷൻ വരും വരെ കാത്തിരിക്കാമെന്നു സർക്കാർ ഉറപ്പു നൽകി. 

ബാറ്ററിയുടെ വലുപ്പം കുറയ്ക്കാനുള്ള പരീക്ഷണങ്ങൾ ഇതോടെ അവസാനിക്കുമെന്നായിരുന്നു അവരുടെ വാദം.  ഇതോടെ, കാലിയായ പാചകവാതക സിലിണ്ടർ മാറ്റി വാങ്ങുന്നതുപോലെ വാഹന ബാറ്ററികൾ വാങ്ങാനുള്ള (ബാറ്ററി സ്വാപിങ്) സാധ്യത ഇനിയും നീളുമെന്ന് ഉറപ്പായി. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഇ മൊബിലിറ്റി നയത്തിന്റെ പ്രധാന ഘടകമായിരുന്നു ബാറ്ററി സ്വാപിങ്

Leave a Reply

Your email address will not be published. Required fields are marked *