ഇലക്ട്രിക് പാചകത്തിലേക്കു മാറുന്നത് പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം.

എൽപിജിക്ക് പകരം ഇലക്ട്രിക് പാചകത്തിലേക്കു മാറുന്നത് പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം. രാജ്യത്ത് 20 ലക്ഷം ഇൻഡക‍്ഷൻ സ്റ്റൗവും ഒരുകോടി ബിഎൽഡിസി ഫാനും വിതരണം ചെയ്യുന്ന പദ്ധതിക്ക് കേന്ദ്ര ഊർജ മന്ത്രാലയം തുടക്കം കുറിച്ചു.

മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ജോയിന്റ് വെഞ്ച്വർ കമ്പനിയായ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് പദ്ധതി.എൽപിജി/പിഎൻജി എന്നിവയിലുള്ള ആശ്രയത്വം കുറച്ച് ഊർജ കാര്യക്ഷമതയുള്ള ഇൻഡക‍്ഷൻ കുക്ക് സ്റ്റൗവുകൾ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം.ഊർജ ക്ഷമത കൂടുതലുള്ളതാണ് ബിഎൽഡിസി ഫാനുകൾ. ഇത്തരം 20 ലക്ഷം ഫാനുകൾക്കുള്ള ടെൻഡറും ഇഇഇഎസ്എൽ കഴിഞ്ഞ ദിവസം ക്ഷണിച്ചു.

ഇറക്കുമതി ചെയ്യുന്ന ഊർജം ഉപയോഗിച്ചുള്ള പാചകം സാമ്പത്തികമായി താങ്ങാനാകുമെങ്കിലും ദീർഘകാല അടിസ്ഥാനത്തിൽ മറ്റ് രാജ്യങ്ങളെ ഇതിനായി ആശ്രയിക്കുന്നത് പ്രായോഗികമല്ലെന്ന് ഊർജമന്ത്രി ആർ.കെ സിങ് പറഞ്ഞു. പാവപ്പെട്ടവർക്ക് പാചകച്ചെലവ് കുറയ്ക്കാനും പുതിയ ഇലക്ട്രിക് കുക്കിങ് രീതി സഹായിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 25% മുതൽ 30% വരെ ചെലവ് കുറയും.

Leave a Reply

Your email address will not be published. Required fields are marked *