ഇന്ധന സെസ്: പ്രക്ഷോഭം കനപ്പിക്കാൻ നിയമസഭയിലേക്ക് കാൽനടയായി പ്രതിപക്ഷം

ഇന്ധന സെസ് കുറക്കാൻ തയ്യാറാകാത്ത സർക്കാർ നടപടിക്കെതിരെ  പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ്. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ എംഎൽഎമാർ സഭാ മന്ദിരത്തിലേക്ക് പ്രതിഷേധ സൂചകമായി നടന്നു വരും. സഭയിൽ ചോദ്യോത്തരവേള മുതൽ  പ്രതിപക്ഷം പ്രതിഷേധം തുടങ്ങും. സഭ സ്തംഭിപ്പിക്കാൻ ആണ് ശ്രമം. നാല് എംഎൽഎമാരുടെ സത്യാഗ്രഹ സമരം തുടരുകയാണ്. ഇതിനിടയിലാണ് സഭയ്ക്ക് പുറത്തേക്കും യുഡിഎഫ് സമരം ശക്തിപ്പെടുത്തുന്നത്.

നടുവൊടിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങളിൽ എന്തെങ്കിലും ഇളവുണ്ടാകുമെന്നാണ് എല്ലാവരും കരുതിയത്. രണ്ടു രൂപ സെസ് ഒരു രൂപയാക്കി കുറക്കാനായിരുന്നു എൽഡിഎഫിലെ ആദ്യചർച്ചകളും. പക്ഷേ എംഎഎൽമാരുടെ സത്യാഗ്രഹമടക്കം പ്രതിപക്ഷം സമരം ശക്തമാക്കിയതോടെ കുറച്ചാൽ ക്രെഡിറ്റ് യുഡിഎഫിനാകുമെന്നായി പിന്നീടുള്ള വിലയിരുത്തൽ. അതിവേഗം കുറച്ചാൽ നിരത്തിയ പ്രതിസന്ധിയുടെ കണക്കിൽ ചോദ്യം വരുമെന്ന വിമർശനവും ഉയർന്നു. ഒപ്പം ധനവകുപ്പും ഇളവിനെ ശക്തമായെതിർത്തു. ഇതോടെയാണ് ഇളവ് വേണ്ടെന്ന് വെച്ചത്.

സെസ് കുറച്ചില്ലെങ്കിലും ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടിയത് 10 ശതമാനമാക്കിയെങ്കിലും കുറക്കുമെന്ന് സൂചന ഉണ്ടായെങ്കിലും അതടക്കം ഒരിളവും നൽകാതെ ബജറ്റിലുറച്ച് നിൽക്കുകയാണ് ധനമന്ത്രി. 60 ലക്ഷം പേർക്ക് പെൻഷൻ കൊടുക്കാൻ നികുതി വർദ്ധന അത്യാവശ്യാണ്. 70 ലെ നികുതിയാണ് പഞ്ചായത്തുകളിൽ വാങ്ങുന്നത്. മദ്യത്തിന് രണ്ടുവർഷമായി നികുതി കൂട്ടിയിട്ടില്ല. ഒരുപാട് വാദങ്ങൾ ഉന്നയിച്ച് നികുതിയും സെസും കൂട്ടിയതിനെ ഇന്നും നിയമസഭയിൽ ധനമന്ത്രി ന്യായീകരിച്ചു. ധനമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. നികുതിപിരിവിലെ കെടുകാര്യസ്ഥതയാണ് പ്രതിസന്ധിക്കുള്ള കാരണമെന്നും ബജറ്റ് പ്രഖ്യാപനങ്ങൾ വിപണിയെ തകർത്ത് ജനതജീവിതം ദുഷ്ക്കരമാക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *