ഇന്ത്യ 6.9 ശതമാനം വളർച്ച നേടുമെന്ന് ഐക്യരാഷ്ട്ര സംഘടന

ഈ വർഷം ഇന്ത്യ 6.9 ശതമാനം വളർച്ച നേടുമെന്ന് ഐക്യരാഷ്ട്ര സംഘടന( യുഎൻ). അടുത്ത വർഷം ഇത് 6.6 ശതമാനമാകും. നിക്ഷേപത്തിലുണ്ടായ വർധനയാണ് വളർച്ച നേടാൻ ഇന്ത്യയെ സഹായിക്കുന്നതെന്ന് യുഎൻ പുറത്തിറക്കിയ സാമ്പത്തിക അവലോകനത്തിൽ പറയുന്നു. ആഗോള വിപണികളിലെ മാന്ദ്യം കയറ്റുമതിയെ ബാധിക്കുമെങ്കിലും ഫാർമസ്യൂട്ടിക്കൽ, കെമിക്കൽ മേഖലകൾ കയറ്റുമതി രംഗത്ത് മികച്ച വളർച്ച നേടുമെന്നും റിപ്പോർട്ടിൽ പറയുന്നു.

നാണ്യപ്പെരുപ്പ നിരക്ക് ഈ വർഷം 4.5 ശതമാനമായി കുറയും. കഴിഞ്ഞ വർഷം ഇത് 5.6 ശതമാനമായിരുന്നു. ദക്ഷിണേഷ്യൻ രാജ്യങ്ങളിലും നാണ്യപ്പെരുപ്പ നിരക്ക് ഈ വർഷം കുറഞ്ഞു നിൽക്കും. തൊഴിലവസരങ്ങൾ വർധിക്കുന്നതും നല്ല സൂചനയായി ചൂണ്ടിക്കാട്ടുന്നു. മൂലധന നിക്ഷേപം ആകർഷിക്കാൻ നടപടി കൈകൊള്ളുന്നതോടൊപ്പം ധനകമ്മി നിയന്ത്രിച്ചു നിർത്തുന്നതിലും സർക്കാർ ശ്രമം തുടരുന്നതായി റിപ്പോർട്ടിൽ പറയുന്നു.
ആഗോള വ്യാപാര മേഖല ഈ വർഷം തിരിച്ചു വരവ് നടത്തുമെന്നും കണക്കാക്കുന്നു. ഇത് ആഗോള സാമ്പത്തിക വളർച്ചയ്ക്കും വഴിയൊരുക്കും. തൊഴിലില്ലായ്മയും നാണ്യപ്പെരുപ്പ നിരക്കും കുറയ്ക്കാൻ രാജ്യങ്ങൾ സ്വീകരിക്കുന്ന നടപടികൾ ഇതിന് വേഗം കൂട്ടും.ആഗോള സാമ്പത്തിക രംഗം ഈ വർഷം 2.7 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം ഇത് 2.8 ശതമാനമാകും. ജനുവരിയിൽ കണക്കാക്കിയിരുന്നതിൽ നിന്ന് യഥാക്രമം 0.3 ശതമാനം , 0.1 ശതമാനം കൂടുതലാണിത്. ഇന്ത്യ കൈവരിക്കുന്ന നേട്ടവും ഇതിൽ വലിയ പങ്ക് വഹിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *