ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‍വ്യവസ്ഥയായി തുടരുമെന്ന് ഐഎംഎഫ്

സാമ്പത്തികരംഗത്ത് തളർച്ച പ്രകടമെങ്കിലും ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ നിലനിർത്തുമെന്ന് രാജ്യാന്തര നാണയനിധിയുടെ റിപ്പോർട്ട്. 2024-25ലും 2025-26ലും 2026-27ലും ഇന്ത്യ തന്നെയായിരിക്കും ഒന്നാമത്.

രാഷ്ട്രീയ, സാമ്പത്തികരംഗത്ത് ഇന്ത്യയുടെ ബദ്ധവൈരിയായ ചൈനയ്ക്കോ ഏറ്റവും വലിയ സമ്പദ്ശക്തിയായ യുഎസിനോ ഇന്ത്യയുടെ തൊട്ടടുത്ത് പോലും ഈ വർഷങ്ങളിൽ‌ എത്താനാകില്ല. യുഎസും ജർമനിയും യുകെയും ജപ്പാനും ഉൾപ്പെടെ ലോകത്തെ വൻ സാമ്പത്തികശക്തികളുടെ വളർച്ചനിരക്ക് 2.5 ശതമാനത്തിൽ കൂടില്ലെന്നും റിപ്പോർ‌ട്ടിലുണ്ട്.

2024-25 മുതൽ 2026-27 വരെ ഓരോ സാമ്പത്തിക വർഷവും ഇന്ത്യക്ക് 6.5% ജിഡിപി വളർച്ചനിരക്കാണ് ഐഎംഎഫ് പ്രവചിക്കുന്നത്. ഇന്ത്യ ഒഴികെ മറ്റ് പ്രമുഖ രാജ്യങ്ങളുടെയെല്ലാം വളർച്ചനിരക്ക് ഐഎംഎഫ് പ്രവചിക്കുന്നത് കലണ്ടർ വർഷപ്രകാരമാണ്. ഏപ്രിൽ മുതൽ മാർച്ചുവരെ നീളുന്ന സാമ്പത്തികവർഷമാണ് ഇന്ത്യ പിന്തുടരുന്നത്.കലണ്ടർ വർഷം (ജനുവരി-ഡിസംബർ) കണക്കാക്കിയാലും ഇന്ത്യ തന്നെയാണ് ഏറെ മുന്നിലെന്ന് ഐഎംഎഫിന്റെ റിപ്പോർട്ടിലുണ്ട്. 2025ൽ 6.8%, 2026ൽ 6.5% എന്നിങ്ങനെയാണ് ഇതുപ്രകാരം ഇന്ത്യയുടെ വളർച്ചനിരക്ക് അനുമാനിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *