അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ബാധിക്കാത്തവിധം ഇന്ത്യൻ ബാങ്കിങ് രംഗം കരുത്തുറ്റതും വലുതുമാണെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. അദാനി ഗ്രൂപ്പിന്റെ പേര് പരാമർശിക്കാതെയാണ് ഇതുസംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത്. ഒരു കമ്പനിയുടെ വിപണിമൂല്യം നോക്കിയല്ല ബാങ്കുകൾ വായ്പ നൽകുന്നത്. കമ്പനിയുടെ പണലഭ്യത, കരുത്ത് അടക്കമുള്ള ഘടകങ്ങളാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കുകൾ കൈകാര്യം ചെയ്യുന്ന അദാനി ഗ്രൂപ്പുകളുടെ ആസ്തി (എക്സ്പോഷർ) മൊത്തം ആസ്തികളുമായി താരതമ്യം ചെയ്യുമ്പോൾ കാര്യമായിട്ടില്ലെന്ന് ഡപ്യൂട്ടി ഗവർണർ എം.കെ ജെയിൻ പറഞ്ഞു. 94 അനധികൃത വായ്പാ ആപ്പുകൾ നിരോധിക്കുന്നതിനു മുൻപ് അംഗീകൃത ആപ്പുകളുടെ പട്ടിക സർക്കാരിനു കൈമാറിയിരുന്നതായി റിസർവ് ബാങ്ക് സ്ഥിരീകരിച്ചു. ഈ പട്ടികയുടെ അടിസ്ഥാനത്തിലാണ് അനധികൃത ആപ്പുകൾ നിരോധിച്ചതെന്ന് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു