ഇന്ത്യൻ നിർമിത സ്മാർട് ടിവികൾക്ക് റെക്കോർഡ് വിൽപനയെന്ന് റിപ്പോർട്ട്. രാജ്യത്തെ സ്മാർട് ടിവി വിൽപനയിൽ മൂന്നാം പാദത്തിൽ 38 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. സ്വദേശി ബ്രാൻഡുകളുടെ സ്മാർട് ടിവി വിൽപന മൊത്തം വില്പനയുടെ 22 ശതമാനം വിഹിതമാണ് കാണിക്കുന്നത്. ഇത് റെക്കോർഡ് നേട്ടമാണ്.
കൗണ്ടർപോയിന്റ് ഐഒടി സർവീസിന്റെ ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച് ആഗോള ബ്രാൻഡുകൾ ഇന്ത്യയുടെ സ്മാർട് ടിവി വിപണിയുടെ 40 ശതമാനം കൈവശപ്പെടുത്തി. ചൈനീസ് ബ്രാൻഡുകൾ 38 ശതമാനം വിഹിതവും സ്വന്തമാക്കിയിട്ടുണ്ട്. 30,000 രൂപയ്ക്ക് താഴെ വില പരിധിയിലുള്ള ഡോൾബി ഓഡിയോ, ഉയർന്ന റിഫ്രഷ് റേറ്റ്, മികവാർന്ന വോയിസ് ഔട്ട്പുട്ട് എന്നിവ പോലുള്ള മികച്ച ഫീച്ചറുകളുമായാണ് സ്മാർട് ടിവികൾ വരുന്നത്.
പുതിയ ടിവി മോഡലുകളിൽ ഭൂരിഭാഗത്തിനും ഡോൾബി ഓഡിയോ പിന്തുണയുണ്ട്. 32 ഇഞ്ച് ഇപ്പോഴും ഏറ്റവും ജനപ്രിയമായ സ്ക്രീൻ വലുപ്പമാണ്, കാരണം ഇത് മിക്ക ഉപഭോക്താക്കൾക്കും താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാണ്. അതേസമയം, നിലവിൽ 43 ഇഞ്ച് ടിവികളുടെ ജനപ്രീതി കൂടിയിട്ടുണ്ടെന്നും റിസർച്ച് അനലിസ്റ്റ് ആകാശ് ജത്വാല പറഞ്ഞു.
ഗൂഗിൾ ടിവിയ്ക്കൊപ്പമാണ് പുതിയ സ്മാർട് ടിവി മോഡലുകൾ കൂടുതലായി വരുന്നത്. ഗൂഗിൾ ടിവി ഫീച്ചറുകളുള്ള ടിവികൾ പ്രധാനമായും 25,000 രൂപയും അതിനുമുകളിലുമുള്ള സെഗ്മെന്റിലുമാണ് വരുന്നത്. എൽഇഡി ഡിസ്പ്ലേകൾ മുൻഗണനയായി തുടരുന്നുണ്ടെങ്കിലും ഒഎൽഇഡി, ക്യുഎൽഇഡി തുടങ്ങിയ നൂതന സാങ്കേതിക ഡിസ്പ്ലേകൾ രാജ്യത്ത് പ്രചാരം നേടുകയും നിരവധി പുതിയ ഇന്ത്യൻ ബ്രാൻഡുകൾ ഉയർന്ന മത്സരാധിഷ്ഠിത വിപണിയിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നുണ്ട്.
മൂന്നാം പാദത്തിലെ സ്മാർട് ടിവി വിഭാഗത്തിൽ അതിവേഗം വളരുന്ന ബ്രാൻഡുകളാണ് വൺപ്ലസ്, വിയു, ടിസിഎൽ എന്നിവ. മൊത്തത്തിലുള്ള സ്മാർട് ടിവി വിഭാഗത്തിൽ 11 ശതമാനം വിഹിതവുമായി ഷഓമിയാണ് ഒന്നാമത്. സാംസങ് ആണ് രണ്ടാം സ്ഥാനത്ത്. റിയൽമി, സോണി, ഹെയർ തുടങ്ങി ബ്രാൻഡുകൾ ആദ്യത്തെ പത്തിൽ ഉൾപ്പെടുന്നു.