ഇന്ത്യയുടെ സ്വർണം ഇറക്കുമതിയിൽ വൻ വളർച്ച

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോഗ രാജ്യങ്ങളിലൊന്നായ ഇന്ത്യ കഴിഞ്ഞമാസം ഇറക്കുമതി ചെയ്തത് 1,006 കോടി ഡോളറിന്റെ സ്വർണം. അതായത് ഏകദേശം 84,400 കോടി രൂപയുടെ ഇറക്കുമതി. ജൂലൈയിലെ 313 കോടി ഡോളറിനേക്കാൾ (26,200 കോടി രൂപ) 221.41% അധികം. കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനത്തിലേക്ക് കുത്തനെ വെട്ടിക്കുറച്ചതാണ് ഇറക്കുമതി കുതിക്കാൻ ഇടയാക്കിയത്. 2023 ഓഗസ്റ്റിൽ ഇറക്കുമതിച്ചെലവ് 493 കോടി ഡോളറായിരുന്നു (41,400 കോടി രൂപ).

തീരുവ കുറഞ്ഞത് മാത്രമല്ല ഇറക്കുമതി കൂടാനിടയാക്കിയത്. സ്വർണാഭരണ ഡിമാൻഡിലുണ്ടായ മികച്ച വർധനയുമാണ്. ഇറക്കുമതി തീരുവ കുറഞ്ഞതോടെ ആഭ്യന്തര സ്വർണ വിലയിലും വൻ കുറവുണ്ടായി. കേരളത്തിൽ പവന് ഒറ്റയടിക്ക് കുറഞ്ഞത് 4,000 രൂപയായിരുന്നു എന്നോർക്കണം. മാസങ്ങളായി ഉയർന്നുനിന്ന വിലയിൽ ഇങ്ങനെ കുറവുവന്നപ്പോൾ സ്വർണാഭരണ പ്രേമികളും വിവാഹ പാർട്ടികളും വൻതോതിൽ ആഭരണങ്ങൾ വാങ്ങിക്കൂട്ടി. ഏറെക്കാലം കാത്തിരുന്ന ശേഷമുള്ള ഇത്തരം ‘റിവൻജ് ബയിങ്’ ഡിമാൻഡ് കൂടാനും ഇറക്കുമതി വർധിക്കാനും വഴിവച്ചു. ഉത്സവകാല സീസണാണെന്നതും സ്വർണ വിപണിയെ ഉഷാറാക്കി. നവരാത്രി, ദസ്സറ, ദീപാവലി സീസണും അടുത്തിരിക്കേ, സ്വർണ ഡിമാൻഡ് ഇനിയും കൂടാനാണ് സാധ്യത.

ഇന്ത്യയിലേക്ക് കഴിഞ്ഞമാസം ഏറ്റവുമധികം സ്വർണം എത്തിയത് സ്വിറ്റ്സർലൻഡിൽ നിന്ന്; ഏതാണ്ട് 40 ശതമാനത്തോളം. യുഎഇയിൽ നിന്ന് 16 ശതമാനവും ദക്ഷിണാഫ്രിക്കയിൽ നിന്ന് 10 ശതമാനവും സ്വർണമെത്തി. യുഎഇയുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രകാരം ഇന്ത്യയിലേക്ക് നികുതിഭാരമില്ലാതെ സ്വർണം ഇറക്കുമതി ചെയ്യാനാകും

Leave a Reply

Your email address will not be published. Required fields are marked *