സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങിലായിരുന്നു പരാമർശം. ഇന്ത്യയിൽ ക്രിപ്റ്റോകറൻസിയുടെ ഭാവി എന്തായിരിക്കുമെന്ന ചോദ്യത്തിന് ‘വളരെ മോശം’ എന്നായിരുന്നു റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ ഉടനടിയുള്ള മറുപടി.
ക്രിപ്റ്റോകറൻസിയിൽ വലിയ അപകടം ഒളിഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം ആവർത്തിച്ചു. ക്രിപ്റ്റോയുടെ കാര്യത്തിൽ പലരും ആവേശത്തിലാണ്. നാലഞ്ചു വർഷം മുൻപ് തുടങ്ങിയ ക്രിപ്റ്റോ ആഘോഷം പിന്നീടൊരു ഘട്ടത്തിൽ തകർന്നിരുന്നു. ഇപ്പോൾ ഇത് വീണ്ടും തുടങ്ങിയിരിക്കുകയാണ്. രാജ്യത്തിന്റെ സാമ്പത്തികസുസ്ഥിരതയ്ക്കു തന്നെ ക്രിപ്റ്റോ ഭീഷണിയാകാമെന്ന് അദ്ദേഹം പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ഫണ്ടിങ് തുടങ്ങിയ പ്രശ്നങ്ങളും ഇതിനോടൊപ്പമുണ്ട്. ക്രിപ്റ്റോകറൻസി ഒരു ആസ്തിയായി കണക്കാക്കാനാവില്ല. എല്ലാ ആസ്തിക്കും അതിനോടൊപ്പമുള്ള ബാധ്യതയുണ്ട്. എന്നാൽ ക്രിപ്റ്റോയുടെ കാര്യത്തിൽ ഈ ബാധ്യത ആർക്കാണെന്ന കാര്യത്തിൽ ആർക്കും വ്യക്തതയില്ല. അതേസമയം, ക്രിപ്റ്റോകറൻസിയുടെ അടിസ്ഥാനമായ ബ്ലോക്ചെയിൻ സാങ്കേതികവിദ്യയ്ക്ക് ഒട്ടേറെ ഗുണങ്ങളുണ്ട്. ഇത് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.