ഇന്ത്യയിലെ നിക്ഷേപം വലിയ തോതില്‍ തുടരാന്‍ കനേഡിയന്‍ ശതകോടീശ്വരന്‍ പ്രേം വാട്‌സ. ടൊറാന്റോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആഗോള നിക്ഷേപ സ്ഥാപനമായ ഫെയര്‍ഫാക്‌സിന്റെ മേധാവിയാണ് പ്രേം വാട്‌സ. നിലവില്‍ ഏഴ് ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ കമ്പനി ഇന്ത്യയില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇത് ഇരട്ടിയാക്കാനാണ് പദ്ധതി.
ചൈനയെ അപേക്ഷിച്ച് വളരെ വലിയ അനുകൂല സാഹചര്യങ്ങള്‍ ഇന്ത്യക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മൂന്നില്‍ രണ്ടും ഉപഭോക്തൃ കേന്ദ്രീകൃതമാണെന്നതാണ് രാജ്യത്തിന്റെ കുതിപ്പിന് ഏറ്റവും സഹായകമെന്ന് ഫെയര്‍ഫാക്‌സിന്റെ ചെയര്‍മാനായ അദ്ദേഹം വ്യക്തമാക്കി.
തൃശൂര്‍ കേന്ദ്രമാക്കിയ സിഎസ്ബി ബാങ്കിന്റെ പ്രധാന പ്രോമോട്ടറാണ് പ്രേം വാട്‌സ. സിഎസ്ബി ബാങ്കിന് പുറമെ ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ 64 ശതമാനം ഓഹരിയും ഫെയര്‍ഫാക്‌സിനാണ്. തോമസ് കുക്ക് ഇന്ത്യ, ഗോഡിജിറ്റ് ഇന്‍ഷുറന്‍സ്, ക്വസ്‌കോര്‍പ്പ് തുടങ്ങിയ സംരംഭങ്ങളിലും ഇവര്‍ക്ക് നിക്ഷേപമുണ്ട്.