ബഹുരാഷ്ട്ര ഊർജ ഭീമന്മാർ ഇന്ത്യയിലെ ‘ആഴക്കടല്‍ പര്യവേക്ഷണ അവസരങ്ങൾ’ പ്രയോജനപ്പെടുത്താനുള്ള തീവ്രപരിശ്രമത്തിലാണെന്നാണ് ആഗോള ഗവേഷണ, കൺസൾട്ടൻസി ഓർഗനൈസേഷനായ വുഡ് മക്കെൻസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്തുകൊണ്ടാണ് ബഹുരാഷ്ട്ര ഊർജ ഭീമന്മാർക്ക് ഇന്ത്യയിലെ ആഴക്കടല്‍ പര്യവേക്ഷണത്തില്‍ താത്പര്യമുള്ളത്? എന്ന തലക്കെട്ടില്‍ ജനുവരിയില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടിലാണ് വുഡ് മക്കെൻസി ഇതിനെ കുറിച്ച് വിശദീകരിക്കുന്നത്. ആഴക്കടല്‍ പര്യവേക്ഷണം നടത്തുന്നതില്‍ വമ്പന്മാരെ ആകര്‍ഷിക്കാൻ ഇന്ത്യ പര്യാപ്തമാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഈ വിഷയത്തില്‍ നീക്കങ്ങള്‍ നടന്നിട്ടുണ്ടെന്നും വുഡ് മക്കെൻസി റിപ്പോര്‍ട്ടില്‍ പറയുന്നു
എക്സോണ്‍മൊബില്‍, ടോട്ടല്‍, ചെവ്റോണ്‍ തുടങ്ങിയ ഊർജ ഭീമന്മാർ സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷനില്‍ നിന്ന് ആഴക്കടല്‍ പര്യവേക്ഷണത്തിനുള്ള അവസരങ്ങള്‍ തേടുന്നുണ്ട്. ഇന്ത്യയുടെ വിശാലമായ ഊർജ വിപണിയും വമ്പന്മാരെ ആകര്‍ഷിക്കാൻ പോന്നതാണ്. ആഴക്കടല്‍ പര്യവേക്ഷണത്തിനുള്ള പുതിയ ഏരിയ, നിയന്ത്രണങ്ങളില്‍ വന്ന മെച്ചപ്പെടുത്തലുകൾ, ഗ്യാസ് വിലനിർണ്ണയം, വിപണിയിലെ സ്വാതന്ത്ര്യം എന്നിവയുൾപ്പെടെയുള്ള കാരണങ്ങളും രാജ്യത്തെ വൻകിട കമ്പനികളുടെ ലക്ഷ്യസ്ഥാനമാക്കി മാറ്റിയെന്നും റിപ്പോര്‍ട്ട് പറയുന്നു.
2016ലെ ഹൈഡ്രോകാർബൺ എക്സ്പ്ലോറേഷൻ ആൻഡ് ലൈസൻസിംഗ് പോളിസി (ഹെൽപ്) ഈ മേഖലയിലെ താത്പര്യങ്ങള്‍ക്ക് വീണ്ടും ജീവൻ നല്‍കിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പാരിവെഷ്, പാരിസ്ഥിതിക അംഗീകാരങ്ങൾ വേഗത്തിലാക്കാനുള്ള ഓൺലൈൻ പോർട്ടൽ, സ്വയം സർട്ടിഫിക്കേഷൻ അടിസ്ഥാനത്തിൽ കരാറുകാരിൽ നിന്ന് കൂടുതൽ രേഖകൾ സ്വീകരിക്കാനുള്ള നീക്കം എന്നിങ്ങനെ നിയന്ത്രണങ്ങള്‍ മെച്ചപ്പെട്ടതും ഗുണകരമായിട്ടുണ്ട്.
വാതക വിലനിർണ്ണയം, 2016 മുതലുള്ള വിപണന സ്വാതന്ത്ര്യം, നിയന്ത്രണങ്ങളില്‍ വരുന്ന മാറ്റം എന്നിവ ഇന്ത്യയിലേക്ക് അന്താരാഷ്ട്ര എണ്ണക്കമ്പനികളുടെ താത്പര്യങ്ങള്‍ ആകർഷിക്കപ്പെട്ടതിലുള്ള നിർണായക കാരണങ്ങളാണെന്നും റിപ്പോർട്ട് എടുത്തുപറഞ്ഞു. വിതരണം ചെയ്യുക എന്ന വശം കൂടാതെ ഗ്യാസ് ഉപയോഗം വർധിപ്പിക്കുന്നതിനുള്ള ചില പ്രധാന കാര്യങ്ങള്‍ കൂടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. നിലവില്‍ രാജ്യത്ത് നിര്‍മ്മാണം നടക്കുന്ന 13,000 കിലോമീറ്റർ വാതക പൈപ്പ്ലൈനുണ്ട്. 22,000 കിലോമീറ്റർ പൈപ്പ്ലൈൻ പ്രവര്‍ത്തനത്തിലുമുണ്ട്. ഇത് വിദൂര പ്രദേശങ്ങളില്‍ വരെ വിപണി സാധ്യത കൂട്ടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ലോകം നരേന്ദ്ര മോദിയുടെ നേതൃത്വത്തെ ആത്മവിശ്വാസത്തോടെയും പ്രതീക്ഷയോടെയുമാണ് നോക്കിക്കാണുന്നതെന്നാണ് റിപ്പോര്‍ട്ട് പങ്കുവെച്ച് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി ട്വിറ്ററില്‍ കുറിച്ചത്. പ്രധാന എനർജി കോർപ്പറേഷനുകളിലെ ഉയർന്ന എക്സിക്യൂട്ടീവുകൾ അടുത്തിടെ ബെംഗളൂരുവിൽ നടന്ന ഇന്ത്യ എനർജി വീക്ക് 2023 ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രിയുമായും ഊർജ്ജ വ്യവസായ പ്രതിനിധികളുമായും അവര്‍ കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഇന്ത്യയിലെ ജലത്തിലും എണ്ണ, പ്രകൃതി വാതക പര്യവേക്ഷണത്തിനുള്ള സാധ്യതകളെക്കുറിച്ചുള്ള നല്ല നിഗമനങ്ങളാണ് ചര്‍ച്ചയിലുണ്ടായത്.
ലോകം ആഗോള ഊർജ പ്രതിസന്ധി നേരിടുന്ന സമയത്ത് ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് പരിമിതപ്പെടുത്തുന്നതിലും ഇറക്കുമതി കുറയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യ.
അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളിലൊന്നായ ഇന്ത്യ എണ്ണ, വാതക വിലകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ചുവട് മാറ്റത്തിന്റെ വേഗം കൂട്ടുന്നത്. നിലവില്‍ രാജ്യത്തിന്റെ ആവശ്യമായുള്ള എണ്ണയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഇത് 10 ശതമാനം എങ്കിലും കുറയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സുസ്ഥിരവും സുരക്ഷിതവുമായ ഊർജ ലഭ്യത ഉറപ്പുവരുത്തുന്നതിനായി പുതിയ ഐഒസി നിക്ഷേപങ്ങൾ ആകർഷിക്കുന്നതിൽ കേന്ദ്രം ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് എണ്ണ, വാതക പര്യവേക്ഷണം ശക്തിപ്പെടുത്തിലും സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്