ഇന്ത്യൻ കോഫീ ഹൗസ് തൊഴിലാളികളുടെ ബോണസ്, ഉത്സവബത്ത എന്നിവ സംബന്ധിച്ച് നിലനിന്നിരുന്ന തർക്കം ഒത്തു തീർപ്പായി. സ്ഥാപനത്തില്‍ പതിനഞ്ച് വർഷം വരെ സർവീസ് ഉള്ള തൊഴിലാളികൾക്ക് 9000 രൂപയും, 15 വര്‍ഷം മുതൽ 25 വർഷം വരെ സർവീസ് ഉള്ള തൊഴിലാളികൾക്ക് 11,000 രൂപയും അതിൽ കൂടുതൽ സർവീസ് ഉള്ള തൊഴിലാളികള്‍ക്ക് 13000 രൂപയും ബോണസ് അല്ലെങ്കില്‍ ഉത്സവ ബത്തയായി ലഭിക്കും.
തിരുവനന്തപുരം അഡീഷണൽ ലേബർ കമ്മിഷണർ (ഐ.ആർ) കെ ശ്രീലാലിന്റെ അധ്യക്ഷതയിൽ ലേബർ കമ്മീഷണറുടെ കാര്യാലയത്തിൽ ചേർന്ന് അനുരഞ്ജന യോഗത്തിലാണ് തീരുമാനം. ബോണസ് ഈ മാസം 24ന് മുമ്പ് വിതരണം ചെയ്യുന്നതിനും തീരുമാനിച്ചു. യോഗത്തിൽ ഇന്ത്യന്‍ കോഫീ ഹൗസ് മാനേജ്മെന്ഫ് പ്രതിനിധികളും തൊഴിലാളി സംഘടനാ പ്രതിനിധികളും പങ്കെടുത്തു.