പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ ലോക സിനിമാവേദി കാത്തിരിക്കുന്ന റിലീസുകളില്‍ ഒന്നായിരുന്നു അവതാര്‍ 2. ജെയിംസ് കാമറൂണിന്‍റെ 2009 ല്‍ പുറത്തെത്തിയ ആദ്യചിത്രം ഉണ്ടാക്കിയ വമ്പന്‍ ബോക്സ് ഓഫീസ് നേട്ടം തന്നെയായിരുന്നു അതിനു കാരണം. റിലീസിനു പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും ചിത്രം ആഗോള ബോക്സ് ഓഫീസില്‍ കുതിക്കുകയാണ്. ആഗോള ബോക്സ് ഓഫീസില്‍ 1.9 ബില്യണ്‍ ഡോളര്‍ (15,538 കോടി രൂപ) പിന്നിട്ടിട്ടുണ്ട് ഇതിനകം ചിത്രം. ഇന്ത്യന്‍ കളക്ഷനിലും മുന്നിലെത്തി എന്ന് മാത്രമല്ല റെക്കോര്‍ഡും സൃഷ്ടിച്ചിട്ടുണ്ട് ചിത്രം. ഇപ്പോഴിതാ ഇന്ത്യയിലെ ഐമാക്സ് സ്ക്രീനുകളില്‍ നിന്ന് മാത്രം ചിത്രം ഇതിനകം നേടിയിട്ടുള്ള കണക്കുകളും പുറത്തെത്തിയിരിക്കുകയാണ്.
ആഗോള തലത്തില്‍ ഐമാക്സ് സ്ക്രീനുകളില്‍ നിന്ന് 200 മില്യണ്‍ ഡോളര്‍ (1635 കോടി രൂപ) ആണ് ചിത്രം ഇതിനകം നേടിയിരിക്കുന്നത്. ഇന്ത്യയിലും ഐമാക്സ് തിയറ്ററുകളില്‍ വന്‍ പ്രതികരണമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്തേത് ഉള്‍പ്പെടെ 23 ഐമാക്സ് സ്ക്രീനുകളാണ് ഇന്ത്യയില്‍ ആകെ ഉള്ളത്. ഇവയില്‍ നിന്ന് ചിത്രം ഇതിനകം നേടിയിട്ടുള്ളത് 37 കോടി രൂപയാണ്. ആഗോള തലത്തില്‍ എക്കാലത്തെയും ഐമാക്സ് റിലീസുകളില്‍ കളക്ഷനില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ അവതാര്‍ 2. 44 മാര്‍ക്കറ്റുകളില്‍ ഒന്നാം സ്ഥാനത്തും
അതേസമയം ഇന്ത്യന്‍ കളക്ഷനില്‍ എക്കാലത്തെയും വലിയ ഹോളിവുഡ് ഹിറ്റ് ആയി മാറിയിരുന്നു അവതാര്‍ 2. അവഞ്ചേഴ്സ്: എന്‍ഡ് ഗെയിമിനെ മറികടന്നാണ് അവതാര്‍ 2 ഒന്നാമത് എത്തിയിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ ചിത്രം 1.5 ബില്യണ്‍ പിന്നിട്ടതിനു ശേഷം ചിത്രത്തിന് 3, 4, 5 തുടര്‍ഭാഗങ്ങള്‍ തീര്‍ച്ഛയായും ഉണ്ടാവുമെന്ന് ജെയിംസ് കാമറൂണ്‍ ഉറപ്പ് നല്‍കിയിരുന്നു.