മൊബൈൽ നമ്പർ പോർട്ടബിലിറ്റി പോലെ ക്രെഡിറ്റ്/ഡെബിറ്റ്/പ്രീപെയ്ഡ് കാർഡുകളുടെ കാർഡ് നെറ്റ്‍വർക് പോർട്ട് ചെയ്യാനുള്ള സൗകര്യം കൂടിയാണ് റിസർവ് ബാങ്കിന്റെ പുതിയ കരട് സർക്കുലർ നൽകുന്നത്. വീസ, മാസ്റ്റർകാർഡ്, റുപേയ്, അമേരിക്കൻ എക്സ്പ്രസ്, ഡൈനേഴ്സ് ക്ലബ് ഇന്റർനാഷനൽ എന്നിങ്ങനെ 5 ഔദ്യോഗിക കാർഡ് നെറ്റ്‍വർക്കുകളാണ് ഇന്ത്യയിലുള്ളത്.
പുതിയ കാർഡ് എടുക്കുമ്പോൾ മാത്രമല്ല, എപ്പോൾ വേണമെങ്കിലും ഈ കാർഡ് നെറ്റ്‍വർക്കുകൾ മാറാമെന്നതാണ് മെച്ചം. നിലവിൽ വീസ കാർഡുള്ള വ്യക്തിക്ക് അയാളുടെ ബാങ്കിന് റുപേയ് കാർഡ് നെറ്റ്‍വർക്കുമായി കരാറുണ്ടെങ്കിൽ റുപേയ് കാർഡ് മാറ്റിവാങ്ങാം. വീണ്ടും വീസ കാർഡിലേക്ക് മാറണമെങ്കിലും അതുമാകാം. ചില കാർഡ് നെറ്റ്‍വർക്കുകളുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്ന ബാങ്കുകൾക്ക് മറ്റ് നെറ്റ്‍വർക്കുകളുമായി ചേർന്ന് കാർഡ് ഇറക്കുന്നതിന് കരാർ തടസ്സമാകാറുണ്ട്. കരടുസർക്കുലർ അന്തിമമായാൽ ഇത്തരം വ്യവസ്ഥകൾ കരാറിൽ ഉൾപ്പെടുത്താനാകില്ല.