കേന്ദ്രസർക്കാർ പിന്തുണയുള്ള ഇ–കൊമേഴ്സ് ശൃംഖലയായ ഒഎൻഡിസി (ഓപ്പൺ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ്) രാജ്യാന്തര ഇടപാടുകൾ പരീക്ഷിക്കാനൊരുങ്ങുന്നു. ഒട്ടേറെ ഇടനിലക്കാരില്ലാതെ ഇന്ത്യയിലെ വ്യാപാരികൾക്ക് അവരുടെ ഉൽപന്നങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് അയയ്ക്കാനുള്ള ക്രോസ്–ബോർഡർ ഇടപാടുകളാണ് ഒഎൻഡിസിയുടെ ലക്ഷ്യം.
ഇന്ത്യയുടെ യുപിഐ പണമിടപാട് സംവിധാനം സിംഗപ്പൂരുമായി ബന്ധിപ്പിച്ചതിനാൽ അവിടേക്കായിരിക്കും ഏതാനും ആഴ്ചകൾക്കുള്ളിൽ ആദ്യ പരീക്ഷണ ഇടപാട്.കശ്മീരിൽ നിന്നുള്ള വ്യാപാരികളുടെ കുങ്കുമം, വാൾനട്ട് എന്നിവയായിരിക്കും ആദ്യഘട്ടത്തിൽ പരീക്ഷിക്കുന്നത്. ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യാൻ അനുമതി നൽകുന്ന ഇംപോർട്ടർ–എക്സ്പോർട്ടർ കോഡ് (ഐഇസി) ഉള്ള വ്യാപാരികൾക്കു മാത്രമേ ഇത് സാധ്യമാകൂ
ഡോളർ ആശ്രയത്വം കുറച്ച് ഓരോ രാജ്യങ്ങൾക്കും അവരവരുടെ കറൻസിയിൽ വിനിമയം നടത്താൻ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. വിദേശത്തു നിന്ന് സാധനങ്ങൾ ഓർഡർ ചെയ്യാൻ ഒഎൻഡിസിയിൽ പ്രത്യേക സേവനം ഏർപ്പെടുത്തും. യുപിഐ വഴി പണമടയ്ക്കാം. രാജ്യാന്തര കുറിയർ സർവീസുകൾ വഴിയായിരിക്കും ഡെലിവറി.
ഇന്ത്യയ്ക്കുള്ളിൽ ഏകദേശം 30,000 വ്യാപാരികളും അവരുടെ 37 ലക്ഷത്തോളം ഉൽപന്നങ്ങളും ഒഎൻഡിസിയുടെ ഭാഗമാണ്. മലയാളിയായ ടി.കോശിയാണ് ഒഎൻഡിസി എംഡി. ഗൂഗിൾ പേ, പേയ്ടിഎം, ഭീം, ഫോൺപേ എന്നിങ്ങനെ വ്യത്യാസമില്ലാതെ യുപിഐ വഴി പേയ്മെന്റ് നടത്താമെന്നതു പോലെ പ്ലാറ്റ്ഫോം കേന്ദ്രീകൃതമല്ലാതെ ഉൽപന്നങ്ങൾ വാങ്ങുന്നവരെയും വിൽക്കുന്നവരെയും ബന്ധിപ്പിക്കുകയാണ് ഒഎൻഡിസി