അസുഖങ്ങളിലൂടെയോ അപകടങ്ങളിലൂടെയോ പെട്ടെന്നുണ്ടാകുന്ന അത്യാഹിതങ്ങള്‍ നമ്മുടെ സാമ്പത്തിക ഭദ്രത തകര്‍ക്കാതിരിക്കാനാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുന്നത്.എന്നാല്‍ നല്ല പണം മുടക്കി വാങ്ങുന്ന ഇന്‍ഷുറന്‍സ് പോളിസികളില്‍ ഒരു അത്യാവശ്യം വന്ന് ക്ലെയിം ചെയ്യുമ്പോള്‍ അവ തള്ളപ്പെടുന്നത് നമ്മുടെ വിശ്വാസവും സാമ്പത്തിക സുരക്ഷിതത്വ ബോധവും ഒരുപോലെ തകര്‍ക്കും.
ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് പ്ലാറ്റ്ഫോമായ പോളിസി ബസാര്‍ നല്‍കുന്ന വിവരം അനുസരിച്ച് ഇന്ത്യയിലെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ക്ലെയിമുകളില്‍ 75 ശതമാനവും കമ്പനികള്‍ മുഴുവനായോ ഭാഹികമായോ തള്ളുന്നു എന്നാണ്. ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ അവരുടെ പോളിസിയെ കുറിച്ച് യഥാവിധി മനസിലാക്കത്തത് കൊണ്ടാണ് ഇത്തരത്തില്‍ ക്ലെയിമുകള്‍ തള്ളപ്പെടാന്‍ പ്രധാന കാരണമെന്നും പോളിസി ബസാറിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. പോളിസി എടുക്കുമ്പോള്‍ തന്നെ വിവിധ രോഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ വെയിറ്റിങ് പീരിഡ് നിജപ്പെടുത്തിയിരിക്കും. ഇത് മനസിലാക്കാതെ വെയിറ്റിങ് പീരിഡ് പൂര്‍ത്തിയാകുന്നതിന് മുമ്പ് സമര്‍പ്പിക്കുന്നവയാണ് തള്ളപ്പെടുന്ന ക്ലെയിമുകളില്‍ 18 ശതമാനവും
നിരസിക്കപ്പെടുന്ന ക്ലെയിമുകളില്‍ 16 ശതമാനവും ഇന്‍ഷുറന്‍സ് പോളിസി പ്രകാരം കവര്‍ ചെയ്യാന്‍ അസുഖങ്ങള്‍ക്കായി ക്ലെയിം ചെയ്യപ്പെടുന്നവയാണ്. പല പോളിസികളിലും ഇന്‍ഷുറന്‍സ് കമ്പനികള്‍ പണം നല്‍കാത്ത ഒ.പി.ഡി ക്ലെയിമുകളും അതുപോലെ ചില പ്രത്യേക ഡേ കെയര്‍ ക്ലെയിമുകളുമാണ് നിരസിക്കപ്പെടുന്നവയില്‍ ഒന്‍പത് ശതമാനം. തെറ്റായ രീതിയില്‍ സമര്‍പ്പിക്കപ്പെടുന്നതിനാല്‍ 4.5 ശതമാനം ക്ലെയിമുകള്‍ തള്ളപ്പെടുന്നുണ്ട്.
ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുമ്പോള്‍ പോളിസില്‍ ഉള്‍പ്പെടുന്നവര്‍ക്ക് അപ്പോള്‍ ഉള്ള അസുഖങ്ങളെക്കുറിച്ച് ശരിയായ വിവരം നല്‍കേണ്ടതുണ്ട്. എന്നാല്‍ പ്രമേഹവും അമിത രക്തസമ്മര്‍ദവും പോലുള്ള അസുഖങ്ങള്‍ ഇത്തരത്തില്‍ വെളിപ്പെടുത്താതെ മറച്ചുവെയ്ക്കുന്നത് കൊണ്ടാണ് പിന്നീടുണ്ടാകുന്ന നിരവധി ക്ലെയിമുകള്‍ തള്ളപ്പെടുന്നതത്രെ. നിരസിക്കപ്പെടുന്ന ക്ലെയിമുകളില്‍ ഏകദേശം 25 ശതമാനവും ഇത്തരത്തില്‍ വരുന്നതാണ്. ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്ലെയിമുകളിന്മേല്‍ ആവശ്യപ്പെടുന്ന അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കാത്തത് കൊണ്ട് 16 ശതമാനവും മതിയായ കാരണങ്ങളില്ലാതെയുള്ള ആശുപത്രി പ്രവേശനം ചൂണ്ടിക്കാട്ടി 4.86 ശതമാനവും ക്ലെയിമുകള്‍ നിരസിക്കപ്പെടുന്നുണ്ടെന്നും കണക്കുകള്‍ പറയുന്നു