ആരോഗ്യ ഇൻഷുറൻസ് കാഷ്‍ലെസ് ക്ലെയിമുകൾ ഒരു മണിക്കൂറിൽ.ജൂലൈ 31 മുതൽ ഇത് പ്രാബല്യത്തിൽ വരും. രോഗി ദീർഘനേരം കാത്തിരിക്കുന്ന സ്ഥിതി ഒരുകാരണവശാലും പാടില്ല. പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങൾ
∙ കാഷ്‍ലെസ് ഹെൽത്ത് ഇൻഷുറൻസ് ക്ലെയിമുകൾ ഒരു മണിക്കൂറിനുള്ളിൽ അംഗീകരിക്കണം. രോഗി ആശുപത്രി വിടുമ്പോൾ ഡിസ്ചാർജ് സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്ത് 3 മണിക്കൂറിനുള്ളിൽ ഇൻഷുറൻസ് കമ്പനി അനുമതി നൽകണം. വൈകിയാൽ ഉണ്ടായേക്കാവുന്ന ആശുപത്രിച്ചെലവ് ഇൻഷുറൻസ് കമ്പനി വഹിക്കേണ്ടി വരും.
∙ കമ്പനികൾ ആശുപത്രികളിൽ കാഷ്‍ലെസ് പോളിസികൾക്കായി പ്രത്യേക ഹെൽപ്ഡെസ്ക് തുറക്കണം.
∙ പോളിസി കാലാവധിയിൽ ഇൻഷുറൻസ് ക്ലെയിം നടത്താത്തവർക്ക് പ്രത്യേക ആനുകൂല്യം (നോ ക്ലെയിം ബോണസ്) നൽകാവുന്നതാണ്. പ്രീമിയം തുക വർധിപ്പിക്കാതെ തന്നെ കവറേജ് തുക വർധിപ്പിക്കുകയോ, പ്രീമിയത്തിൽ ഇളവോ നൽകാം.
∙ നിബന്ധനകൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ പോളിസിയെടുത്ത് 30 ദിവസത്തിനുള്ളിൽ ഇത് റദ്ദാക്കാൻ ഉപയോക്താവിനു അവസരം നൽകണം.
∙ ചികിത്സയ്ക്കിടയിൽ രോഗി മരിച്ചാൽ ക്ലെയിം സെറ്റിൽമെന്റ് റിക്വസ്റ്റ് അടിയന്തരമായി പരിഗണിക്കണം. മൃതദേഹം ഏറ്റവും വേഗത്തിൽ വിട്ടുനൽകാനുള്ള നടപടി സ്വീകരിക്കണം.
∙ ഉടമയ്ക്ക് എപ്പോൾ വേണമെങ്കിലും പോളിസി റദ്ദാക്കാം. 7 ദിവസം മുൻപേ രേഖാമൂലം അറിയിക്കണമെന്നു മാത്രം. ആനുപാതികമായ പ്രീമിയം തുക റീഫണ്ട് ചെയ്യണം. പോളിസി കാലയളവിൽ എപ്പോൾ വേണമെങ്കിലും നോമിനിയെ മാറ്റാനും അനുമതിയുണ്ടാകും.
∙ പോളിസി ഉടമയുടെ പരാതിയിന്മേൽ ഇൻഷുറൻസ് ഓംബുഡ്സ്മാൻ നൽകുന്ന ഉത്തരവ് 30 ദിവസത്തിനുള്ളിൽ പാലിക്കാൻ കമ്പനിക്ക് ബാധ്യതയുണ്ടാകും. ഇല്ലെങ്കിൽ പിന്നീടുള്ള ഓരോ ദിവസത്തിനും കമ്പനി പരാതിക്കാരന് 5,000 രൂപ പിഴയായി നൽകണം.
∙ എല്ലാ പ്രായവിഭാഗത്തിൽപ്പെട്ടവർക്കും, എല്ലാത്തരം ചികിത്സയ്ക്കു വിധേയമാകുന്നവർക്കും യോജിക്കുന്ന പോളിസികൾ കമ്പനികൾ അവതരിപ്പിക്കണം. സ്റ്റെം സെൽ തെറപ്പി, റോബട്ടിക് ശസ്ത്രക്രിയ, ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ തുടങ്ങിയ നൂതന ചികിത്സാ രീതികൾക്കും പോളിസികൾ പരിഗണിക്കണം.
∙ പോളിസി എടുക്കുന്നവർക്ക് വ്യവസ്ഥകൾ, പോളിസി വിവരങ്ങൾ അടക്കം എളുപ്പത്തിൽ മനസ്സിലാക്കാവുന്ന തരത്തിൽ കസ്റ്റമർ ഇൻഫർമേഷൻ ഷീറ്റ് (സിഐഎസ്) നൽകണം.