ആധാർ സേവനങ്ങളുടെ അമിത ചാർജിൽ കർശന നടപടികളുമായി കേന്ദ്ര സർക്കാർ.

ആധാർ സേവനങ്ങളുടെ അമിത ചാർജുമായി ബന്ധപ്പെട്ട് കർശന നടപടികളുമായി കേന്ദ്ര സർക്കാർ. ആധാർ സേവനങ്ങൾക്ക് അമിത നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാൽ ആ ഓപ്പറേറ്ററെ സസ്പെൻഡ് ചെയ്യുമെന്നും , ആ ഓപ്പറേറ്ററെ നിയമിച്ച രജിസ്ട്രാർക്ക് 50,000 രൂപ പിഴ ചുമത്തുമെന്നും കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചു.

ബയോമെട്രിക്, ഡെമോഗ്രാഫിക് വിശദാംശങ്ങളുടെ അപ്‌ഡേറ്റ് ഉൾപ്പെടെ ആധാർ സേവനങ്ങൾക്ക് അമിത നിരക്ക് ഈടാക്കരുതെന്ന് എല്ലാ ആധാർ ഓപ്പറേറ്റർമാരോടും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇലക്‌ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ലോക്‌സഭയിൽ രേഖാമൂലം അറിയിച്ചു.

വ്യക്തികൾക്ക് അവരുടെ പരാതികൾ യുഐഡിഎഐയെ ഇ – മെയിൽ വഴിയോ ടോൾ ഫ്രീ നമ്പറായ 1947-വഴിയോ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, പൊതുമേഖലാ കമ്പനികൾ, ഷെഡ്യൂൾഡ് ബാങ്കുകൾ, സിഎസ്‌സി ഇ-ഗവേണൻസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ തുടങ്ങിയ രജിസ്ട്രാർമാരുടെയും എൻറോൾമെന്റ് ഏജൻസികളുടെയും ശൃംഖലയിലൂടെയാണ് ആധാർ നമ്പറിന്റെ എൻറോൾമെന്റും വിവരങ്ങളുടെ അപ്‌ഡേറ്റും നടക്കുന്നത്. കർക്കശമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് എൻറോൾമെന്റ് ഏജൻസികളെ തിരഞ്ഞെടുക്കുന്നത്. വ്യക്തികളെ ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റത്തിലേക്ക് എൻറോൾ ചെയ്യുന്നതും അവരുടെ വ്യക്തിഗത വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതും ആധാർ കേന്ദ്രങ്ങളുടെ ഉത്തരവാദിത്തമാണ്. ഇതിനായി രജിസ്ട്രാർമാരുടെയും എൻറോൾമെന്റ് സെന്ററുകളുടെയും ശൃംഖലയെയാണ് യുഐഡിഎഐ ആശ്രയിക്കുന്നത്

അതിനിടെ ആധാർ വിവരങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി 2024 മാർച്ച് 14 വരെ നീട്ടി. കഴിഞ്ഞ 10 വർഷത്തിനിടെ ആധാറിലെ വ്യക്തിഗത വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ അത് അപ്ഡേറ്റ് ചെയ്യാൻ കേന്ദ്രം നേരത്തെ നിർദ്ദേശിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *