2019 – 20 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ വൈകി കൊടുക്കാനുള്ള അവസാന തീയതി ഈ മാസം 31 ആണ്. അതിനു ശേഷം സ്വയമേ റിട്ടേൺ കൊടുക്കാൻ നിയമം അനുവദിക്കുന്നില്ല. അതുപോലെ, ആദ്യം സമർപ്പിച്ച റിട്ടേണിൽ(വൈകിയതുൾപ്പെടെ) എന്തെങ്കിലും തെറ്റ് തിരുത്താനുണ്ടെങ്കിൽ അത് തിരുത്തി പുതുക്കിയ റിട്ടേൺ സമർപ്പിക്കാനുള്ള അവസാന അവസരവും 31 തന്നെ. ഇത് വ്യക്തികൾ ഉൾപ്പെടെ എല്ലാ നികുതിദായകർക്കും ബാധകമാണ്.
ആദായനികുതി നിയമം അനുസരിച്ച്, വ്യക്തികൾക്ക് സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ സാധാരണ കൊടുക്കാനുള്ള തീയതി അടുത്ത സാമ്പത്തിക വർഷം ജൂലൈ 31 ആയിരുന്നു. അല്ലാത്തവർക്ക് ഇത് സെപ്റ്റംബർ 30 . പിന്നീട്, അടുത്ത സാമ്പത്തിക വർഷം ഡിസംബർ 31 വരെ റിട്ടേൺ വൈകി സമർപ്പിക്കാൻ അവസരം ഉണ്ടായിരുന്നു. ഈ തീയതിക്കുള്ളിൽ ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ വിട്ടുപോയിട്ടുള്ളവർക്ക് ഒരവസരം കൂടി അനുവദിച്ചുകൊണ്ട് 2022ലെ കേന്ദ്ര ബജറ്റ് വഴി കൊണ്ടുവന്നതാണ് അപ്ഡേറ്റഡ് റിട്ടേൺ.
റിട്ടേൺ സമർപ്പിക്കാൻ വിട്ടുപോയിട്ടുള്ളവർക്കും പുനർസമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും സാമ്പത്തിക വർഷം അവസാനം മുതൽ 3 വർഷത്തിനുള്ളിൽ അപ്ഡേറ്റഡ് റിട്ടേൺ സമർപ്പിക്കാം. ഈ ആനുകൂല്യം ആദ്യ റിട്ടേണിനും പുനർ സമർപ്പിച്ച റിട്ടേണിനും ലഭ്യമാണ്. ചുരുക്കത്തിൽ 2019 – 20 സാമ്പത്തിക വർഷത്തെ അപ്ഡേറ്റഡ് റിട്ടേൺ കൊടുക്കാനുള്ള അവസാന തീയതി ഈ മാസം 31 ആണ്. ഫോം ഐടിആർയു (ITR U) ആണ് ഇതിന് ഉപയോഗിക്കേണ്ടത്.
പുതുക്കിയ റിട്ടേണിൽ നഷ്ടം രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നവർ, നികുതി ബാധ്യത കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ, റീഫണ്ട് കൂട്ടിച്ചോദിക്കുന്നവർ, നികുതി നിയമത്തിൻ കീഴിൽ ഏതെങ്കിലും നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിൽ ആ വർഷത്തെ റിട്ടേൺ, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം അല്ലെങ്കിൽ ബെനാമി സ്വത്ത് ഇടപാട് നിയമം അല്ലെങ്കിൽ കള്ളക്കടത്തുകാരും ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് നിയമം ഇവ അനുസരിച്ചുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിൽ, ഇരട്ട നികുതി ഒഴിവാക്കൽ നിയമപ്രകാരം നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിൽ. ചുരുക്കത്തിൽ നികുതി ബാധ്യത കുറയുകയോ, നികുതി റീഫണ്ടിൽ വർധന തേടുകയോ അല്ലെങ്കിൽ നഷ്ടം കാണിക്കുകയോ ചെയ്താൽ നികുതിദായകന് അപ്ഡേറ്റഡ് റിട്ടേൺ സമർപ്പിക്കാൻ കഴിയില്ല