ആഗോള സാമ്പത്തിക രംഗത്തിനു സ്ഥിരതയും, വളർച്ചയും പകരാൻ ജി 20 രാജ്യങ്ങൾക്ക് കഴിയണമെന്ന് നരേന്ദ്ര മോദി.

ആഗോള സാമ്പത്തിക രംഗത്തിനു സ്ഥിരതയും, വളർച്ചയും ആത്മവിശ്വാസവും പകരാൻ ജി 20 രാജ്യങ്ങൾക്ക് കഴിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവർണർമാരുടെയും യോഗത്തിൽ വി‍ഡിയോ കോൺഫറൻസിങ്ങിലൂടെ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

വിവിധ മേഖലകളുടെ വളർച്ച  ലക്ഷ്യമിട്ട് ബഹുതല വികസന ബാങ്കുകളുടെ വികസനം നടപ്പാക്കണം. ഇന്ത്യ ജി20യുടെ അധ്യക്ഷ സ്ഥാനം  ഏറ്റെടുത്ത ശേഷം നടത്തുന്ന പ്രധാന യോഗമാണിത്. കോവിഡിനു ശേഷം വികസ്വര രാജ്യങ്ങൾ പലവിധ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. ഇതിനെ നേരിടാനുള്ള ശ്രമത്തിലാണ് രാജ്യങ്ങൾ. ഇതിന് ബഹുതല വികസന ബാങ്കുകളുടെ വളർച്ച സാധ്യമാക്കണമെന്നും മോദി നിർദേശിച്ചു. 

സാമ്പത്തിക മേഖലയിൽ ഉണർവിന്റെ സൂചനകൾ കണ്ടു തുടങ്ങിയെങ്കിലും അനിച്ഛിതത്വം പൂർണമായും നീങ്ങിയിട്ടില്ലെന്നു റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. കനത്ത സാമ്പത്തിക മാന്ദ്യം നേരിടുമെന്ന ആശങ്ക മാറിത്തുടങ്ങിയിട്ടുണ്ട്. സാമ്പത്തിക സ്ഥിരതയ്ക്ക് ഭീഷണിയാകുന്ന കടബാധ്യത നേരിടാൻ രാജ്യങ്ങൾ പദ്ധതികൾ നടപ്പാക്കേണ്ടതുണ്ട്.  

ആഗോള പ്രതിസന്ധിക്ക് സമഗ്രമായ പരിഹാരമാണ് ജി 20 രാജ്യങ്ങൾ ലക്ഷ്യമിടേണ്ടതെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഇതിനുള്ള നയങ്ങളാവും ഇന്ത്യ രൂപപ്പെടുത്തുക. വികസ്വര രാജ്യങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടണം. സാമ്പത്തിക വളർച്ചക്കൊപ്പം അടിസ്ഥാന സൗകര്യ വികസന രംഗത്തും നേട്ടം ലക്ഷ്യമിട്ടുള്ളതാവണം ജി20 രാജ്യങ്ങൾ നടപ്പാക്കുന്ന നയങ്ങളെന്നും ധനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *