ആഗോള സാധ്യതകൾ പ്രയോജനപ്പെടുത്താൻ പൊതു- സ്വകാര്യ മേഖല കൾ ഒന്നിച്ച് പ്രവർത്തിക്കണo; പ്രധാനമന്ത്രി

ആഗോള വിപണിയിലെ ഉയർന്നുവരുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് പൊതു-സ്വകാര്യ മേഖലകൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ബജറ്റിന് മുന്നോടിയായി നിതി ആയോഗിലെ പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി സംവദിക്കവേ ഡിജിറ്റൽ ഇന്ത്യയുടെ വിജയത്തെയും രാജ്യത്തുടനീളം ഫിൻടെക് അതിവേഗം സ്വീകരിച്ചതിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും നിതി ആയോഗ് വൈസ് ചെയർമാൻ സുമൻ ബെറിയും സാമ്പത്തിക വിദഗ്ധരായ ശങ്കർ ആചാര്യ, അശോക് ഗുലാത്തി, ഷമിക രവി തുടങ്ങിയവരും മറ്റ് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു. അപകടസാധ്യതകളുണ്ടെങ്കിലും, ഉയർന്നുവരുന്ന ആഗോള അന്തരീക്ഷം ഡിജിറ്റൈസേഷൻ, ഊർജം, ആരോഗ്യ സംരക്ഷണം, കൃഷി തുടങ്ങിയ മേഖലകളിൽ പുതിയതും വൈവിധ്യപൂർണ്ണവുമായ അവസരങ്ങൾ പ്രദാനം ചെയ്യുന്നുവെന്ന് മോദി പറഞ്ഞു. ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന്, പൊതു-സ്വകാര്യ മേഖലകൾ കൂട്ടായി പ്രവർത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു

രാജ്യത്തിൻറെ വളച്ചയിൽ സ്ത്രീകൾ വഹിക്കുന്ന പങ്ക് വലുതാണെന്നും തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം കൂടുതൽ പ്രാപ്തമാക്കുന്നതിനും വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരാൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. കൃഷി മുതൽ ഉൽപ്പാദനം വരെയുള്ള വിവിധ വിഷയങ്ങൾ പ്രധാനമന്ത്രി ചർച്ച ചെയ്തു. ഇന്ത്യയുടെ വികസന കുതിപ്പ് വിവേകപൂർവ്വം നിലനിറുത്താൻ കഴിയുന്ന പ്രായോഗിക നടപടികൾ സ്വീകരിക്കുമെന്നും ചർച്ചയിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *