ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയായ സാവിത്രി ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ ചെയർപേഴ്‌സൺ എമറിറ്റസ് ആയ സാവിത്രി ദേവി ജിൻഡാലിന്റെ സമ്പത്ത് കഴിഞ്ഞ രണ്ട് വർഷത്തിനിടെ 87% ഉയർന്നപ്പോൾ, അതേ കാലയളവിൽ അസിം പ്രേംജിയുടെ ആസ്തിയിൽ 42% ഇടിവുണ്ടായി. ഇതോടെ ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം അസിം പ്രേംജിയെ ആറാം സ്ഥാനത്തേക്ക് പിന്തള്ളി സാവിത്രി ജിൻഡാൽ അഞ്ചാം സ്ഥാനത്തെത്തി.
രണ്ട് വർഷം മുമ്പ് മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും ശേഷം രാജ്യത്തെ മൂന്നാമത്തെ വലിയ ധനികനായിരുന്നു അസിം പ്രേംജി. 2022 ജനുവരി മുതൽ അദ്ദേഹത്തിന്റെ ആസ്തിയിൽ വൻ ഇടിവ് രേഖപ്പെടുത്തി. വിപ്രോയുടെ ഓഹരിയിൽ 42% ഇടിവ് ഉണ്ടായതോടെയാണ് പ്രേംജിയുടെ ആസ്തി കുറഞ്ഞത്.
സ്റ്റീൽ, വൈദ്യുതി, സിമൻറ്, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് ജിൻഡാലിന്റെ പ്രവർത്തന മേഖല . ജെഎസ്ഡബ്ല്യു സ്റ്റീൽ എന്ന മുൻനിര സ്ഥാപനമാണ് സാവിത്രി ജിൻഡാലിന്റെ സമ്പത്തിന്റെ 30%വും സംഭാവന ചെയ്യുന്നത്.ഗ്രൂപ്പ് കമ്പനികളിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ജെഎസ്ഡബ്ല്യു എനർജിയുടെ ഓഹരിയാണ്.
വിപ്രോയിലെ 62.5% ഓഹരിയിൽ നിന്നാണ് പ്രേംജിയുടെ സമ്പത്തിന്റെ ഭൂരിഭാഗവും നേടിയത്. പ്രേംജി സാമൂഹിക സേവന പ്രവർത്തനങ്ങളിലാണ് കൂടുതലായി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. 2019 മാർച്ച് 14 ന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 7.5 ബില്യൺ ഡോളർ മൂല്യമുള്ള വിപ്രോ ഓഹരികൾ അധികമായി നീക്കിവച്ചതായി പ്രേംജി പ്രഖ്യാപിച്ചിരുന്നു