അശ്ലീല കണ്ടന്‍റുകൾ തടയുന്നതിനായി 18 ഓളം ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ചു

സൈബര്‍ ലോകത്തെ അശ്ലീലവും അശ്ലീല കണ്ടന്‍റുകളും തടയുന്നതിനായി ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം (ഐ ആൻഡ് ബി) വ്യാഴാഴ്ച 18 ഓളം ഒടിടി പ്ലാറ്റ്ഫോമുകള് നിരോധിച്ചു. അശ്ലീല കണ്ടന്‍റുകള്‍ വിതരണം ചെയ്യുന്നതായി കണ്ടെത്തിയ 18 ഒടിടി പ്ലാറ്റ്‌ഫോമുകൾക്കെതിരെയാണ് നടപടിയെടുത്തത് എന്നാണ് കേന്ദ്രം ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചത്.

ഈ 18 പ്ലാറ്റ്‌ഫോമുകളുമായി ലിങ്ക് ചെയ്‌തിരിക്കുന്ന 19 വെബ്‌സൈറ്റുകൾ, 10 ആപ്പുകൾ, 57 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയും നിരോധിച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്നുള്ള അഡള്‍ട്ട് കണ്ടന്‍റ് പ്ലാറ്റ്ഫോം യെസ്മയും നിരോധിച്ചവയില്‍ പെടുന്നു.

ഡ്രീംസ് ഫിലിംസ്, വൂവി, യെസ്‌മ, അൺകട്ട് അദ്ദ, ട്രൈ ഫ്ലിക്കുകൾ, എക്‌സ് പ്രൈം, നിയോൺ എക്‌സ് വിഐപി, ബെഷാരംസ്, ഹണ്ടേഴ്‌സ്, റാബിറ്റ്, എക്‌സ്‌ട്രാമൂഡ്, ന്യൂഫ്‌ലിക്‌സ്, മൂഡ്എക്‌സ്, മോജ്‌ഫ്ലിക്‌സ്, ഹോട്ട് ഷോട്ട്‌സ് വിഐപി, ഫുഗി, ചിക്കൂഫ്ലിക്‌സ്, പ്രൈം പ്ലേ എന്നീ പ്ലാറ്റ്ഫോമുകളാണ് ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിരോധിച്ചത്.

ധാർമ്മിക നിലവാരം ഉയർത്തിപ്പിടിക്കുന്നതും അശ്ലീലമായ കണ്ടന്‍റുകളെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാത്തതുമാണ് സര്‍ക്കാറിന്‍റെ നിലപാട് എന്ന് പുതിയ നിരോധനം സംബന്ധിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് താക്കൂർ വ്യക്തമാക്കി.

2000-ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ അനുസരിച്ചാണ് സര്‍ക്കാര്‍ തീരുമാനം. ഇന്ത്യാ ഗവൺമെൻ്റിൻ്റെ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും തമ്മിലുള്ള വിപുലമായ കൂടിയാലോചനകൾ അടക്കം നടത്തി കുട്ടികളുടെയും സ്ത്രീകളുടെയും അവകാശം അടക്കം മുന്‍നിര്‍‍ത്തിയാണ് സര്‍ക്കാര്‍ തീരുമാനം എന്ന് മന്ത്രി അനുരാഗ് സിംഗ് താക്കൂർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *