ജയിംസ് കാമറണിന്റെ വിസ്മയം അവതാർ 2 ആദ്യദിനം ഇന്ത്യയിൽ നിന്നും വാരിയത് 41 കോടി. ‘അവതാർ– 2 ദ് വേ ഓഫ് വാട്ടർ’ കേരളത്തിലും ആദ്യ ദിനം ബോക്സ് ഓഫിസ് കുലുക്കി. 300 സ്ക്രീനുകളിലാണ് 3ഡി ചിത്രം പ്രദർശിപ്പിക്കുന്നത്. പല തിയറ്റർ ഉടമകളും 3 ആഴ്ച ചിത്രം പ്രദർശിപ്പിക്കാമെന്ന കരാറാണു നൽകിയിരിക്കുന്നതെന്നതിനാൽ അവതാർ ആവേശം ഡിസംബർ മുഴുവൻ നീളാനാണു സാധ്യത
സൂപ്പർഹീറോ ഹോളിവുഡ് സിനിമകൾ യുവാക്കളെയാണ് ആകർഷിക്കുന്നതെങ്കിൽ അവതാറിന് സ്ത്രീകളും കുട്ടികളുമുൾപ്പെടെ കുടുംബപ്രേക്ഷകരെയാണ് നിർമാതാക്കൾ പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിൽ 3800 സ്ക്രീനുകളിലായി 14,000 ഷോയാണ് ഒരു ദിവസമുള്ളത്. ചിത്രം റിലീസ് ചെയ്യും മുൻപുതന്നെ ബുക്ക് മൈ ഷോ വഴി 20 കോടിയുടെ പ്രീ ബുക്കിങ് നേടിയിരുന്നു.അവതാർ ആദ്യഭാഗം നേടിയ ആഗോള കലക്‌ഷൻ 2.91 ബില്യൻ ഡോളറായിരുന്നു (ഏകദേശം 24,000 കോടി രൂപ). 2,000 കോടി രൂപയോളം ചെലവിട്ടു നിർമിച്ച രണ്ടാം ഭാഗം അതിലേറെ വാരുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാർ.