വിലക്കയറ്റംകൊണ്ട് സാധാരണക്കാരനു ആശ്വാസം കിട്ടണമെങ്കിൽ മൂന്നുനാലു മാസംകൂടി എടുത്തേക്കും. കർണാടകയിൽ കൊയ്ത്തു തുടങ്ങിയതോടെ സംസ്ഥാനത്തു നവംബർ പകുതിയോടെ അരിവില അൽപമെങ്കിലും കുറയുമെന്നാണു കരുതുന്നത്. കേരളത്തിലേക്കു പ്രധാനമായും അരി എത്തുന്നത് ആന്ധ്ര, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണ്.
കർണാടകയ്ക്കു പിന്നാലെ ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, പഞ്ചാബ്, തമിഴ്നാട് സംസ്ഥാനങ്ങളിലും കൊയ്ത്തു തുടങ്ങും. ആന്ധ്രയിൽ ജനുവരി, ഫെബ്രുവരി മാസത്തിലാണു കൊയ്ത്ത്. ആന്ധ്രയിലെ കൊയ്ത്തു കഴിഞ്ഞു, നെല്ല് മാർക്കറ്റിൽ എത്തിയാൽ മാത്രമേ വിലയിൽ കാര്യമായ കുറവിന് സാധ്യതയുള്ളു. നെല്ല് ക്ഷാമമാണ് അരിവില കൂട്ടിയതെങ്കിൽ ഫെബ്രുവരിയിൽ കൂടുതൽ നെല്ല് എത്തുന്നതോടെ വില 48–50 രൂപ നിലവാരത്തിലേക്ക് എത്തിയേക്കും.
കേരളത്തിൽ കർഷകർ ഉത്പാദിപ്പിക്കുന്ന 90% നെല്ലും സംഭരിക്കുന്നുവെന്നാണു സപ്ലൈകോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ഏഴരലക്ഷം മെട്രിക് ടൺ നെല്ലാണ് സംഭരിക്കുന്നത്. അത്രയും നെല്ലിന്റെ 68 ശതമാനമാണ് അരിയായി പൊതുവിതരണ സമ്പ്രദായത്തിലൂടെ എൻഎഫ്എസ്എ (നാഷനൽ ഫുഡ് സെക്യൂരിറ്റി ആക്ട് ) ഗോഡൗണുകളിലേക്ക് മാറ്റി റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നത്. കേരളത്തിന് ആകെ വേണ്ട റേഷനരിയുടെ 40% മാത്രമാണ് ഇവിടെ നിന്നുള്ള അരിവിഹിതം.ബാക്കി റേഷൻ അരിയും മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരണം. കേരളത്തിൽ നിന്നുസംഭരിക്കുന്ന നിലവാരമുള്ള നെല്ല് അവർ സ്വന്തം ബ്രാൻഡിൽ വിൽക്കുകയാണെന്ന ആക്ഷേപങ്ങളും പരിശോധനകളും പതിവായി ഉണ്ടാകാറുണ്ട്.