അയോധ്യയിലേക്ക് വൻ നിക്ഷേപങ്ങൾ;.ആധ്യാത്മിക ടൂറിസം ഹബ്ബായി മാറുമെന്ന് ടൂറിസം വകുപ്പ്

രാമക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കു ശേഷം ഒഴുകിയെത്തുന്ന ലക്ഷക്കണക്കിനു ഭക്തർ അയോധ്യയിലേക്ക് ഒരുക്കുന്നത് വൻ വികസനത്തിന്റെ പാതയാണ്. ആധ്യാത്മിക ടൂറിസം ഹബ്ബായി അടുത്ത ഏതാനും വർഷങ്ങൾക്കിടയിൽ അയോധ്യ മാറുമെന്നാണ് യുപി ടൂറിസം വകുപ്പിന്റെ കണക്കു കൂട്ടൽ. ഇപ്പോൾത്തന്നെ വൻകിട ഹോട്ടൽ ഗ്രൂപ്പുകൾ അയോധ്യയിൽ പദ്ധതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ഏറ്റവുമൊടുവിൽ ലീല ഗ്രൂപ്പ് ‘സരയൂ’ എന്ന പേരിൽ സപ്തനക്ഷത്ര ഹോട്ടൽ സമുച്ചയം പ്രഖ്യാപിച്ചു.
അമിതാഭ് ബച്ചനടക്കമുള്ള പ്രമുഖർ മറ്റൊരു സെവൻ സ്റ്റാർ ഭവന സമുച്ചയ പദ്ധതിയിൽ 14.5 കോടി രൂപയ്ക്കു സ്ഥലം വാങ്ങി. റാഡിസൻ ബ്ലു ഗ്രൂപ്പ് ഫൈസാബാദിൽ ആദ്യ ഹോട്ടൽ തുടങ്ങിക്കഴിഞ്ഞു. താജ്, മാരിയറ്റ്, ജിഞ്ചർ, ഒബ്റോയ്, ട്രിഡന്റ് ഗ്രൂപ്പുകളും പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ചു തന്നെ നിലവിലുള്ള പല ചെറിയ ഹോട്ടലുകളും മുഖം മിനുക്കി സൗകര്യങ്ങൾ വർധിപ്പിച്ചിരുന്നു. സർക്കാർ നടപ്പാക്കുന്ന വൻ പദ്ധതികൾക്കു പുറമേയാണിത്.

വലുതും ചെറുതുമായി ഏകദേശം 175 ഹോട്ടലുകളാണു നിലവിൽ അയോധ്യയിലുള്ളത്. ഇവയെല്ലാം 2020 മുതൽ നിരക്കുകളും വർധിപ്പിച്ചിരുന്നു. ഇരു നില വീടുള്ളവരും രണ്ടു വീടുകൾ ഉള്ളവരും അവ ഗെസ്റ്റ് ഹൗസുകളും ഹോം സ്റ്റേകളുമായി മാറ്റിയിട്ടുണ്ട്. ഇത്തരത്തിൽ ഏകദേശം 500 എണ്ണമുണ്ട്. ഇതിനു പുറമേ ബൈപാസിലും മറ്റും വയലും തണ്ണീർത്തടങ്ങളും നികത്തി റിയൽ എസ്റ്റേറ്റ് മാഫിയ വൻ നിർമാണ പ്രവർത്തനങ്ങളും നടത്തുന്നതായി നഗരവാസികൾ പറയുന്നു. അയോധ്യയിലെ പഴയൊരു കൊട്ടാരം ഹെറിറ്റേജ് ഹോട്ടലാക്കി മാറ്റാൻ വലിയൊരു ബിസിനസ് ഗ്രൂപ്പ് മുന്നോട്ടു വന്നിട്ടുണ്ട്.

പ്രദേശവാസികൾക്കും വരുമാന വർധനയുണ്ടായിട്ടുണ്ട്. ചെറുകിട റസ്റ്ററന്റുകളെല്ലാം മോടിപിടിപ്പിച്ചതോടൊപ്പം നിരക്കുകളും വർധിപ്പിച്ചു. റാം പഥിൽ ഇരുവശത്തും കരകൗശല വസ്തുക്കൾ, പൂജാവസ്തുക്കൾ, വസ്ത്രങ്ങൾ എന്നിവ വിൽക്കുന്ന കടകളിലെല്ലാം കഴിഞ്ഞ ആറുമാസമായി നല്ല കച്ചവടമുണ്ട്. നേരത്തേ ഏതു സമയവും കർഫ്യൂവും പ്രശ്നങ്ങളും ആയിരുന്നതിനാലും പിന്നീട് നിർമാണ പ്രവർത്തനങ്ങൾ നടന്നതിനാലും പോയ വർഷങ്ങളിലൊന്നും കാര്യമായ ബിസിനസ് ഉണ്ടായിരുന്നില്ല എന്നാണ് കച്ചവടക്കാർ പറയുന്നത്. എന്നാൽ ഇനി 5 വർഷത്തിനകം തങ്ങളുടെ ജീവിതം മാറി മറിയുമെന്നാണ് അവരുടെ പ്രതീക്ഷ.

ടൂർ ഓപ്പറേറ്റർമാരും വിവിധ പാക്കേജുകൾ തയാറാക്കിക്കഴിഞ്ഞു. അയോധ്യയിലെ സാധ്യതകൾ പരിഗണിച്ച് കൂടുതൽ വാഹനങ്ങൾ വാങ്ങുന്നത് പരിഗണിക്കുന്നുണ്ടെന്ന് ലക്നൗവിൽ ചെറിയ ടാക്സി സർവീസ് നടത്തുന്ന വിജയ് സിങ് പറഞ്ഞു. ഇതുപോലെ ഒട്ടേറെപ്പേർ ബിസിനസ് വ്യാപിപ്പിക്കാനൊരുങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *