ഡൽഹിയിൽ നടന്ന ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് സ്വർണ്ണമെഡൽ . കോവിഡ് നീയന്ത്രണങ്ങൾ നീക്കിയ ശേഷം നടന്ന ആദ്യത്തെ പൂർണസമയ വ്യാപാരമേളയിൽ സ്റ്റേറ്റ് & യൂണിയൻ ടെറിട്ടറി പവലിയൻ വിഭാഗത്തിലാണ് കേരളത്തിന്റെ നേട്ടം. കേരളത്തിൻ്റെ തനതു വാസ്തുകലയും ഉരുവും മാതൃകയാക്കിയ പവലിയനാണ് ഈ നേട്ടം കരസ്‌ഥമാക്കിയത്.
6000 ചതുരശ്ര അടിയിലൊരുക്കിയ കേരള പവലിയൻ “വോക്കൽ ഫോർ ലോക്കൽ, ലോക്കൽ ടു ഗ്ലോബൽ” എന്ന മേളയുടെ ആശയത്തെ അന്വർത്ഥമാക്കിയാണ് തയ്യാറാക്കിയത്. വിവിധ വകുപ്പുകളുടെ ആകർഷകമായ സ്റ്റാളുകളും കലാകാരൻമാരുടെ തത്സമയ കരവിരുതും ചുവർ ചിത്രകലയും കഥകളി രൂപങ്ങളും കളിമൺ പ്രതിമകളും പായ നെയ്ത്തും ഉൾപ്പെടെ നിരവധി കാഴ്ചകൾ പവലിയനിൽ ഒരുക്കിയിരുന്നു. അന്തർദ്ദേശീയ തലത്തിൽ “കേരളം” എന്ന ബ്രാൻഡിനുള്ള പ്രാധാന്യം വിളിച്ചോതുന്ന തരത്തിലാണ് കേരളത്തിന്റെ പവലിയൻ സജ്ജീകരിച്ചത്.