ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പോർട്സിൽ നിന്ന് 450 കോടി രൂപയുടെ പുത്തൻ ഓർഡർ സ്വന്തമാക്കി കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ സമ്പൂർണ ഉപസ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‍യാർഡ്. അത്യാധുനിക സൗകര്യങ്ങളുള്ള എട്ട് ഹാർബർ ടഗ്ഗുകൾ നിർമിക്കാനുള്ള ഓർഡറാണ് കൊച്ചി ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർമാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ കർണാടക മാൽപെയിൽ സ്ഥിതിചെയ്യുന്ന ഉപകമ്പനി നേടിയത്.
70 ടണ്ണിന്റെ 8 ബൊള്ളാർഡ് പുൾ പവർ എഎസ്ഡി
ട്രഗ്ഗുകളാണിവ. ഇന്ത്യയിൽ ഹാർബർ ടഗ്ഗുകൾക്കുള്ള ഏറ്റവും വലിയ ഓർഡറാണിതെന്ന് അദാനി പോർട്സ് മാനേജിങ് ഡയറക്ടർ കരൺ അദാനി എക്സിൽ കുറിച്ചു.2026 ഡിസംബർ മുതൽ ടഗ്ഗുകൾ അദാനി പോർട്സിന് കൈമാറിത്തുടങ്ങുമെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ കൊച്ചിൻ ഷിപ്പ്‍യാർഡ് വ്യക്തമാക്കി. 2028 മേയ്ക്കകം 8 ടഗ്ഗുകളും കൈമാറും. അദാനി ഗ്രൂപ്പിൽ നിന്ന് ഓർഡർ ലഭിച്ച കരുത്തിൽ കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ ഓഹരികൾ ഇന്ന് 5% കുതിച്ചുകയറി അപ്പർ-സർക്യൂട്ടിലെത്തി. എൻഎസ്ഇയിൽ 1,539.05 രൂപയിലാണ് നിലവിൽ ഓഹരിവിലയുള്ളത്. ഇതുപ്രകാരം 40,489 കോടി രൂപയാണ് കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ വിപണിമൂല്യം. അതേസമയം, അദാനി പോർട്സ് 0.92% താഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്ത്യയുടെ സമുദ്രമേഖലയ്ക്ക് കൂടുതൽ കരുത്തേകുക, സുരക്ഷ ഉയർത്തുക, അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് കൊച്ചിൻ ഷിപ്പ്‍യാർഡുമായി കൈകോർക്കുന്നതെന്ന് അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ (APSEZ) ഡയറക്ടറും സിഇഒയുമായ അശ്വനി ഗുപ്ത പറഞ്ഞു. രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങളിലും ലോകനിലവാരം പുലർത്തുന്ന ‘മെയ്ക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ എന്നിവയുടെ കരുത്തിലും പൂർണവിശ്വാസമർപ്പിച്ചുമാണ് സഹകരണമെന്നും അദ്ദേഹം വ്യക്തമാക്കി.
അദാനി ഗ്രൂപ്പിന് കീഴിലെ അദാനി ഹാർബർ സർവീസസിന്റെ ഉപസ്ഥാപനമായ ഓഷൻ സ്പാർക്കിളിൽ (Ocean Sparkle Limited) നിന്നാണ് പുതിയ ഓർഡർ. ഇക്കഴിഞ്ഞ മേയിൽ 5 ബൊള്ളാർഡ് പുൾ എഎസ്ഡി ടഗ്ഗുകൾ നിർമിക്കാനുള്ള ഓർഡറും ഓഷൻ സ്പാർക്കിളിൽ നിന്ന് ഉഡുപ്പി കൊച്ചിൻ ഷിപ്പ്‍യാർഡിന് ലഭിച്ചിരുന്നു. 100-250 കോടി രൂപ മതിക്കുന്ന ഓർഡറായിരുന്നു അത്. ഇതിൽ രണ്ടെണ്ണം നിശ്ചയിച്ച സമയത്തിന് മുമ്പേ തന്നെ കൈമാറി. മൂന്ന് ടഗ്ഗുകളുടെ നിർമാണം പുരോഗമിക്കുന്നു. ഇതിനു പുറമേയാണ് ഇപ്പോൾ പുതിയ 8 ടഗ്ഗുകൾക്കുള്ള ഓർഡറും. ഇതോടെ, മൊത്തം ടഗ്ഗുകളുടെ ഓർഡർ 13 ആയി.