അദാനി ഓഹരികളിന്മേൽ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി

ഹിൻഡൻബർഗിന്റെ ആരോപണങ്ങളെ തുടർന്ന് അദാനി എന്റർപ്രൈസസിന്റെ ഓഹരികളിന്മേൽ സ്‌റ്റോക് എക്‌സ്‌ചേഞ്ചുകൾ ഏർപ്പെടുത്തിയ അധിക നിരീക്ഷണം അവസാനിപ്പിച്ചു. വ്യാപാരത്തിന് ഏർപ്പെടുത്തിയിരുന്ന അധിക നിയന്ത്രണങ്ങൾ ഇതോടെ ഇല്ലാതാകും. അദാനി ഗ്രൂപ്പിൽപ്പെട്ട മൂന്നു കമ്പനികളുടെ ഓഹരികളാണ് അധിക നിരീക്ഷണത്തിനു വിധേയമാക്കിയിരുന്നത്. എന്നാൽ അദാനി പോർട്സ്, അംബുജ സിമന്റ്സ് എന്നിവയുടെ ഓഹരികളിന്മേലുള്ള നിരീക്ഷണം ഏതാനും ദിവസം മുമ്പുതന്നെ അവസാനിപ്പിച്ചിരുന്നു.

ഇടപാടു മൂല്യത്തിന് ആനുപാതികമായി കൂടിയ നിരക്കിൽ ഈടു തുക കെട്ടിവച്ചു മാത്രമേ അദാനി എന്റർപ്രൈസസിന്റെ ഓഹരികളുടെ ക്രയവിക്രയം അനുവദിക്കുകയുള്ളൂ എന്ന നിബന്ധനയാണു പ്രധാനമായും ഇല്ലാതാകുന്നത്. വിപണിയിൽ പൊതുവെയും അദാനി ഗ്രൂപ്പിൽപ്പെട്ട കമ്പനികളുടെ ഓഹരികളിൽ പ്രത്യേകിച്ചും അസാധാരണ തോതിൽ വിൽപന തുടർന്ന സാഹചര്യത്തിലായിരുന്നു അധിക നിരീക്ഷണം. ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്നുളവായ ആശങ്ക കെട്ടടങ്ങുകയും ഓഹരി വിപണി കരുത്തു വീണ്ടെടുക്കുകയും ചെയ്‌തതോടെ അധിക നിരീക്ഷണത്തിനു പ്രസക്‌തി ഇല്ലാതായി. 

ഹിൻഡൻബർഗിന്റെ ആസ്‌ഥാനമായ യുഎസിൽനിന്നുതന്നെയുള്ള ജിക്യുജി പാർട്‌നേഴ്‌സ് അദാനി ഗ്രൂപ്പ് ഓഹരികളിൽ നടത്തിയ വലിയ അളവിലുള്ള നിക്ഷേപത്തിൽനിന്നു പ്രചോദനം നേടി ആഭ്യന്തര നിക്ഷേപകരും ഇടപാടുകൾക്കു തയാറായതാണു  വിപണിയുടെ മുന്നേറ്റത്തിന് അവസരമൊരുക്കിയത്. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്ന ജനുവരി 24 മുതൽ പടിയിറക്കത്തിലായിരുന്ന ഓഹരി വില സൂചിക സെൻസെക്‌സ് കഴിഞ്ഞ രണ്ടു ദിവസംകൊണ്ടു വീണ്ടെടുത്തത് 1315 പോയിന്റാണ്. 

അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യത്തിൽ 12 ലക്ഷം കോടി രൂപയുടെ ഇടിവിനു ഹിൻഡൻബർഗ് റിപ്പോർട്ട് കാരണമായിരുന്നു. ഇടിവു ഗണ്യമായി നികത്താൻ കഴിഞ്ഞ ദിവസങ്ങളിലെ മുന്നേറ്റം സഹായകമായി. എസിസി, അംബുജ സിമന്റ്‌സ് എന്നിവ ഒഴികെ ഗ്രൂപ്പിലെ എട്ടു കമ്പനികളുടെ ഓഹരികളിലും കനത്ത മുന്നേറ്റമാണു കഴിഞ്ഞ ദിവസം കണ്ടത്. സ്‌റ്റോക് എക്‌സ്‌ചേഞ്ചുകൾക്കു ഹോളി പ്രമാണിച്ചുള്ള അവധി ഇന്നലെയായിരുന്നതിനാൽ ഇടപാടുകളുണ്ടായില്ല.

ഓഹരിക്കെതിരായി എടുത്ത വായ്പകളിൽ 7,374 കോടി രൂപ തിരിച്ചടച്ചെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ബാക്കി വായ്പകൾ ഈ മാസം അവസാനത്തോടെ മുൻകൂർ അടച്ചുതീർക്കുമെന്നും അറിയിച്ചു. ഹിൻഡൻബർഗ് റിപ്പോർട്ട് ഉയർത്തിയ വെല്ലുവിളിക്കിടെ നിക്ഷേപകരുടെ വിശ്വാസ്യത ആർജിക്കുന്നതിനാണ് വായ്പ നേരത്തേ തിരിച്ചടയ്ക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *