അദാനിയെ പിന്തള്ളി ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി മുകേഷ് അംബാനി.

ഗൗതം അദാനിയെ പിന്തള്ളി ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി മുകേഷ് അംബാനി. ഫോർബ്‌സിന്റെ തൽസമയ ശതകോടീശ്വരൻമാരുടെ പട്ടികയിലാണ്  റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാൻ അദാനിയെ പിറകിലാക്കിയത്.

മുൻപ് 84.4 ബില്യൺ ഡോളർ ആസ്തിയുമായി ഗൗതം അദാനി ബ്ലൂംബെർഗ് ശതകോടീശ്വരൻമാരുടെ പട്ടികയിൽ  11-ാമത്തെ സ്ഥാനത്തായിരുന്നു. എന്നാൽ വമ്പൻ കുതിപ്പോടെ എൽവിഎംഎച്ച് സിഇഒ ബെർണാഡ് അർനോൾട്ടിനെയും ടെസ്‌ല സിഇഒ എലോൺ മസ്‌കിനെയും പിന്നിലാക്കി അദാനി ഗ്രൂപ്പ് ചെയർമാന്  121 ബില്യൺ ഡോളറിന്റെ ആസ്തിയുടെ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. 

ഓഹരി വിലയിലെ തട്ടിപ്പ് ആരോപിച്ച് യുഎസ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ  ഹിൻഡൻബർഗിന്റെ റിപ്പോർട്ട് വന്നതോടുകൂടി അദാനി ഓഹരികൾ വിപണിയിൽ കുത്തനെ ഇടിഞ്ഞു. 72 ബില്യൺ ഡോളറോളം അദാനിക്ക് നഷ്ടമായി. ആരോപണങ്ങൾ ശക്തമായി തള്ളിക്കളഞ്ഞ് രംഗത്തെത്തിയെങ്കിലും അദാനി ഓഹരികളിൽ ചാഞ്ചാട്ടം തുടരുകയാണ്. 

ഹിൻഡൻബർഗ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം, വെറും രണ്ട് വ്യാപാര സെഷനുകളിൽ അദാനി ഗ്രൂപ്പിന് 50 ബില്യൺ ഡോളറിലധികം വിപണി മൂല്യം നഷ്ടപ്പെട്ടു, ചെയർമാൻ ഗൗതം അദാനിക്ക് 20 ബില്യൺ ഡോളറിലധികം അല്ലെങ്കിൽ അദ്ദേഹത്തിന്റെ മൊത്തം സമ്പത്തിന്റെ അഞ്ചിലൊന്ന് നഷ്ടമായി.

Leave a Reply

Your email address will not be published. Required fields are marked *