അത്യാവശ്യമല്ലാത്ത വസ്തുക്കളുടെ ഇറക്കുമതി തീരുവ വര്ദ്ധിപ്പിക്കാന് തയ്യാറായി കേന്ദ്രം. രാജ്യത്തെ വ്യാപാര കമ്മിയിലെ വർദ്ധനയും കയറ്റുമതിയിലെ കുറവുമാണ് തീരുവ വർദ്ധിപ്പിക്കാനുള്ള കാരണം. ആവശ്യമായ ഉൽപ്പാദന ശേഷിയുള്ള ചരക്കുകൾക്ക് മാത്രമായി ലിസ്റ്റ് പരിമിതപ്പെടുത്തുമെന്ന് റിപ്പോർട്ടുണ്ട്. അവശ്യേതര ഇനങ്ങളെ തിരിച്ചറിയുന്നതിനും ഉയർന്ന ഇറക്കുമതിക്ക് ബദൽ കണ്ടെത്തുന്നതിനും വേണ്ടിയാണു ഇതെന്ന് റിപ്പോർട്ട്.
ഡ്യൂട്ടി ചുമത്തുന്നതിനായി ഒരേ ഹാർമോണൈസ്ഡ് സിസ്റ്റം ഓഫ് നോമൻക്ലേച്ചർ (എച്ച്എസ്എൻ) കോഡിന് കീഴിൽ വരുന്ന ചരക്കുകൾ വേർതിരിക്കാനുള്ള വഴികളും സർക്കാർ തേടുന്നു. ഒരു എച്ച്എസ്എൻ കോഡിന് കീഴിലുള്ള എല്ലാ ഇനങ്ങൾക്കും, അതേ നിരക്കിൽ നികുതി ചുമത്തുന്നു. എന്നാൽ നിലവിലെ ആലോചനകൾ പ്രകാരം, ഒരു കോഡിന് കീഴിലുള്ള കുറച്ച് ഇനങ്ങൾക്ക് മാത്രമേ കേന്ദ്രം തീരുവ ചുമത്താൻ സാധ്യതയുള്ളൂ,
ഇന്ത്യയിൽ നിന്ന് വിദേശത്തേക്കുള്ള കയറ്റുമതി കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ നേരിയ തോതിൽ വർദ്ധിച്ചു. 1.62 ശതമാനമാണ് വർധന. മുപ്പത്തി 33.92 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഓഗസ്റ്റ് മാസത്തിൽ നടന്നത്. അതേസമയം വ്യാപാരകമ്മി 27.98 ബില്യൺ ഡോളറായി ഉയർന്നു. ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഉണ്ടായ വർധനവാണ് ഇത്തരത്തിൽ വ്യാപാര കമ്മി ഉയരാൻ കാരണം. ഓഗസ്റ്റ് മാസത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് ഇറക്കുമതി 37.28 ശതമാനം വർദ്ധിച്ച് 61.9 ബില്യൺ ഡോളറായി
സെപ്റ്റംബർ മൂന്നിന് കേന്ദ്ര സർക്കാർ പുറത്തുവിട്ട കയറ്റുമതിയുമായി ബന്ധപ്പെട്ട പ്രാഥമിക കണക്കിൽ, ഓഗസ്റ്റ് മാസത്തിൽ കയറ്റുമതിയിൽ 1.15 ശതമാനം ഇടിവുണ്ടായെന്നാണ് പറഞ്ഞത്. 33 ബില്യൺ ഡോളറിന് കണക്കാണ് അന്ന് കേന്ദ്ര സർക്കാർ പുറത്തുവിട്ടത്. ഇതിന്റെ പരിഷ്കരിച്ച കണക്കാണ് ഇന്ന് പുറത്തുവന്നത്. 2022 – 23 സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ കയറ്റുമതിയിൽ 17.68 ശതമാനത്തിന്റെ വർധനവുണ്ടായി. അഞ്ചുമാസത്തെ കയറ്റുമതി 193.51 ബില്യൺ ഡോളർ മൂല്യമുള്ളതാണ്. ഇതേ അഞ്ചുമാസം കാലത്തെ ഇറക്കുമതി 45.74 ശതമാനം ഉയർന്ന് 318 ബില്യൺ ഡോളറായി.