തമിഴ്നാട്ടിൽ ബിഹാറുകാരായ തൊഴിലാളികൾ അക്രമത്തിന് ഇരയാകുന്നു എന്ന വ്യാജവാർത്തയെ തുടർന്ന് അതിഥി തൊഴിലാളികൾ സംസ്ഥാനം വിട്ടുപോകുന്നത് മൂന്നാം ദിവസവും തുടരുകയാണ്. സംഭവത്തിൻറെ നിജസ്ഥിതി അന്വേഷിക്കാൻ ബിഹാറിൽ നിന്ന് തമിഴ്നാട്ടിലെത്തിയ ഉദ്യോഗസ്ഥ സംഘം അതിഥി തൊഴിലാളികൾക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സൗകര്യങ്ങളിലും വ്യാജവാർത്ത തടയാനെടുക്കുന്ന നടപടികളിലും തൃപ്തി രേഖപ്പെടുത്തി.
ബിഹാറിൽ നിന്നുള്ള അതിഥി തൊഴിലാളികളെ തമിഴ്നാട്ടിൽ കൂട്ടക്കൊല ചെയ്യുന്നുവെന്നും ക്രൂരമായി മർദ്ദിക്കുന്നുവെന്നുമാണ് വ്യാജപ്രചാരണം. ട്വിറ്ററിൽ തുടങ്ങിയ പ്രചാരണം വാട്സാപ്പിലൂടെയാണ് അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപകമായി പ്രചരിച്ചത്. ഭയചകിതരായ തൊഴിലാളികൾ മൂന്ന് ദിവസമായി സംസ്ഥാനത്തുനിന്ന് പലായനം ചെയ്യുകയാണ്
ബിഹാർ ഗ്രാമവികസന വകുപ്പ് സെക്രട്ടറിയടക്കം നാലംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ നിജസ്ഥിതി അന്വേഷിച്ചറിയാൻ ബിഹാർ മുഖ്യമന്ത്രി തമിഴ്നാട്ടിലേക്ക് അയച്ചിരുന്നു. തിരുപ്പൂരിൽ ബിഹാറി തൊഴിലാളികൾ കൂടുതലായി ജോലി ചെയ്യുന്ന ഫാക്ടറികളും തൊഴിൽ ശാലകളും സംഘം സന്ദർശിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജില്ലാ കളക്ടറടക്കം ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. തമിഴ്നാട്ടിലെ സ്ഥിതിയിൽ സംഘം പൂർണ തൃപ്തി രേഖപ്പെടുത്തു. ഇപ്പോൾ കോയമ്പത്തൂരിൽ ബിഹാറി ഉദ്യോഗസ്ഥ സംഘം സന്ദർശിക്കുകയാണ്. ജാർഖണ്ഡിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘവും ഉടൻ തമിഴ്നാട്ടിൽ എത്തും എന്നറിയിച്ചിട്ടുണ്ട്.