അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജിഡിപിയിലേക്കുള്ള എംഎസ്എംഇ മേഖലയുടെ സംഭാവന 50 ശതമാനമായി  ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.എന്തുകൊണ്ടാണ് എംഎസ്എംഇകൾ  പ്രസക്തമാകുന്നത് 

        ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എന്നാണ് സൂക്ഷ്മ, ചെറുകിട , ഇടത്തരം സംരംഭങ്ങൾ അഥവാ എംഎസ്എംഇ (മൈക്രോ,സ്മോൾ,മീഡിയം എൻറർപ്രൈസസ്) മേഖല അറിയപ്പെടുന്നത്. ആ വിശേഷണം ഒരിക്കലും അതിശയോക്തി അല്ലതാനും. ശതകോടികൾ വരുമാനം കൊയ്യുന്ന വൻകിട ബിസിനസ് ഗ്രൂപ്പുകൾ ആണ് എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കാറെങ്കിലും ഭാരത സമ്പദ് വ്യവസ്ഥയുടെ ജീവവായു എംഎസ്എംഇകൾ തന്നെയാണ്. അതിൽ വളരെ ചെറിയ കച്ചവടക്കാർ മുതൽ കോടികളുടെ വിറ്റുവരവുള്ള സംരംഭകർ വരെയുണ്ട്.

      കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ നമ്മുടെ സാമ്പത്തിക മേഖലയുടെ ജീവവായുവായി എംഎസ്എംഇ രംഗം മാറി .കുറഞ്ഞ മൂലധനച്ചെലവിൽ വലിയതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും എംഎസ്എംഇ മേഖലയ്ക്ക് സാധിക്കുന്നു എന്നതാണ് പ്രത്യേകത. 

       മൊത്തം 11 കോടിയിലധികം തൊഴിലുകളാണ് ഇതിനോടകം ഈ രംഗം സൃഷ്ടിച്ചത്. രാജ്യത്തിൻറെ മൊത്തം മൂല്യവർധനയുടെ  മൂന്നിലൊന്ന് എംഎസ്എംഇ മേഖലയ്ക്ക് അവകാശപ്പെട്ടതാണ്. മൊത്തം ആഭ്യന്തര ഉൽപാദന (ജിഡിപി) ത്തിലേക്ക്  30 ശതമാനം സംഭാവന ചെയ്യുന്ന എംഎസ്എംഇ മേഖലയിൽ വിവിധ വിഭാഗങ്ങളിൽപ്പെട്ട 60 ദശലക്ഷത്തോളം സംരംഭങ്ങളാണ് പ്രവർത്തിക്കുന്നത്.

        ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ പകുതിയോളം എംഎസ്എംഇ മേഖലയിൽനിന്നാണ് എന്നതും ശ്രദ്ധേയമാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജിഡിപിയിലേക്കുള്ള എംഎസ്എംഇ മേഖലയുടെ സംഭാവന 50 ശതമാനമായി  ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 15 കോടി തൊഴിലവസരങ്ങൾ മേഖലയിൽ സൃഷ്ടിക്കപ്പെടും എന്നും  വിലയിരുത്തപ്പെടുന്നു.

എന്താണ് എംഎസ്എംഇകൾ?

       അടുത്തിടെയാണ് എംഎസ്എംഇയെ സർക്കാർ പുനർനിർവചിച്ചത്. യന്ത്രസാമഗ്രികൾക്കും മറ്റും ഒരു കോടി മുതൽമുടക്കും 5 കോടി രൂപ വാർഷിക വിറ്റുവരവുമുള്ള സ്ഥാപനങ്ങളെ ആണ് സൂക്ഷ്മ അഥവാ മൈക്രോ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 10 കോടി വരെ മുതൽമുടക്കും 50 കോടി രൂപ വരെ  വിറ്റുവരവുമുള്ള സ്ഥാപനങ്ങളെ ചെറുകിട അഥവാ സ്മാൾ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 50 കോടി വരെ മുതൽമുടക്കും 250 കോടി രൂപ വരെ വിറ്റുവരവും ഉള്ളവയാണ് ഇടത്തരം അല്ലെങ്കിൽ മീഡിയം സംരംഭങ്ങൾ. 

        ഏറ്റവും കൂടുതൽ എംഎസ്എംഇകൾ ഉള്ളത് ഉത്തർപ്രദേശിലാണ്. രണ്ടാം സ്ഥാനത്ത് വെസ്റ്റ് ബംഗാളും മൂന്നാം സ്ഥാനത്ത് തമിഴ്നാടും നാലാം സ്ഥാനത്ത് മഹാരാഷ്ട്രയും ആണ്.89.99  ലക്ഷം സൂക്ഷ്മ ,ചെറുകിട ,ഇടത്തരം സംരംഭങ്ങൾ ആണ് ഉത്തർപ്രദേശിൽ ഉള്ളത് .വെസ്റ്റ് ബംഗാളിൽ 88.67 ലക്ഷം സംരംഭങ്ങളും .കേരളത്തിലുള്ളത് 23.79 ലക്ഷം സംരംഭങ്ങളാണ്.

         63.4  ദശലക്ഷം കാർഷിക ഇതര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ 99 ശതമാനവും സൂക്ഷ്മ സംരംഭങ്ങൾ ആണെന്നതാണ് പ്രത്യേകത.0.33 ദശലക്ഷം ചെറുകിട സംരംഭങ്ങളും  ശേഷിക്കുന്നവ ഇടത്തരം സംരംഭങ്ങളും ആണ്.

        കൊറോണയുടെ വരവോടെ സകല വ്യവസായ മേഖലകളും കടുത്ത ദുരിതക്കയത്തിൽലേക്ക് ആണ് നീങ്ങിയത്. ഇതിൻറെ അലയൊലികൾ ഏറ്റവും കൂടുതൽ പ്രതിഫലിച്ചത് എംഎസ്എംഇ മേഖലയിലാണ്. വലിയതോതിൽ ജനങ്ങൾ ജോലിചെയ്യുന്ന മേഖലയായതിനാൽ തന്നെ രാജ്യത്തുടനീളമുള്ള നിരവധിപേരുടെ ജോലിയും ത്രിശങ്കുവിലായി.

          രാജ്യത്തെ മൊത്തം തൊഴിൽ ശക്തിയിൽ 450 ദശലക്ഷം അസംഘടിതമേഖലയിൽ ഉള്ളവരാണ്. ഓരോവർഷവും മൊത്തം തൊഴിൽ ശക്തിയിലേക്ക് 10 ദശലക്ഷം പേർ കൂട്ടിചേർക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇതിൽ 40 ശതമാനവും തൊഴിലെടുക്കുന്നത് എംഎസ്എംഇ  മേഖലയിലുമാണ്. അതിനാൽ തന്നെ സമ്പത്ത് വ്യവസ്ഥയുടെ പുനരുജ്ജീവനത്തിന് എംഎസ്എംഇ മേഖലയുടെ ഉയർത്തെഴുനേൽപ്പ് അനിവാര്യമാണ്.

         

Leave a Reply

Your email address will not be published. Required fields are marked *