പ്രകൃതി ദുരന്തങ്ങൾ, യുദ്ധം പോലുള്ള അടിയന്തിര സാഹചര്യങ്ങളിൽ തടസ്സമില്ലാതെ പണമിടപാട് നടത്താനുള്ള സംവിധാനം ഒരുക്കാൻ ആർബിഐ. ആധുനിക പേയ്മെന്റ് സംവിധാനങ്ങൾ പോലും പ്രവർത്തിപ്പിക്കാൻ കഴിയാത്ത പ്രതികൂല സാഹചര്യങ്ങളിൽ തടസ്സമില്ലാതെ പണമിടപാടുകൾ ഉറപ്പാക്കുന്നതിനുവേണ്ടിയാണ് ആർബിഐയുടെ പുതിയ സംവിധാനം ഒരുങ്ങുന്നത്. ബങ്കർ എന്ന പേരിലാണ് പുതിയ ലൈറ്റ് വെയ്റ്റ് പേയ്മെന്റ് സംവിധാനം ആർബിഐ അവതരിപ്പിക്കാനൊരുങ്ങുന്നത്.യുപിഐ, എൻഇഎഫ്ടി, ആർടിജി തുടങ്ങിയ നിലവിലുള്ള പേയ്‌മെന്റ് സംവിധാനങ്ങൾക്ക് പകരം എളുപ്പത്തിൽ സാമ്പത്തിക ഇടപാടുകൾ നടത്താനുള്ള ആശയമാണ് ആർബിഐ മുന്നോട്ടുവെയ്ക്കുന്നത്. എന്നാൽ ഈ സംവിധാനം എപ്പോൾ നിലവിൽ വരുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
നാഷണൽ ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്ഫർ, (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് എന്നിവ പോലുള്ള നിലവിലുള്ള പരമ്പരാഗത പേയ്‌മെന്റ് സംവിധാനങ്ങൾ സങ്കീർണ്ണമായ വയർഡ് നെറ്റ്‌വർക്കുകളെയും വിപുലമായ ഐടി ഇൻഫ്രാസ്ട്രക്ചറുകളെയും ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്
എന്നാൽ ഇത്തരം സങ്കീർണ്ണതകളൊന്നുമില്ലാതെ പ്രവർത്തിക്കും എന്നതാണ് ലൈറ്റ് വെയ്റ്റ് പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റത്തിന്റെ പ്രത്യേകത.ഈ സംവിധാനം പരമ്പരാഗത സാങ്കേതിക വിദ്യകളിൽ നിന്ന് വ്യത്യസ്തമായാണ് പ്രവർത്തിക്കുക. കുറഞ്ഞ ജീവനക്കാരെ ഉപയോഗിച്ച് ഏത് സാഹചര്യത്തിലും എവിടെയിരുന്നും പ്രവർത്തിപ്പിക്കാവുന്ന സംവിധാനമാണിത്. റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിലാണ് പുതിയ പേയ്‌മെന്റ് സംവിധാനത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾ ഉള്ളത്.
എൻഇഎഫ്ടിയും യുപിഐയും പോലുള്ള പേയ്മെന്റ് സംവിധാനങ്ങൾ യുദ്ധം മൂലമോ മറ്റ് പ്രകൃതിദുരന്തങ്ങൾ ഉള്ള സാഹചര്യങ്ങളിൽ പ്രവർത്തനം തകരാറിലാകും.. അത്തരം സാഹചര്യങ്ങൾ വലിയ വെല്ലുവിളി തന്നെയാണ്. ഈ സാഹചര്യം ഒഴിവാക്കാനാണ് ആർബിഐ എൽപിഎസ്‌എസ് (ലൈറ്റ് വെയ്റ്റ് പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റം )സംവിധാനം അവതരിപ്പിച്ചിരിക്കാനൊരുങ്ങുന്നത്. മിനിമലിസ്റ്റിക് ഹാർഡ്‌വെയറിലും സോഫ്‌റ്റ്‌വെയറിലും പ്രവർത്തിക്കാൻ കഴിയും വിധമാണ് പുതിയ സംവിധാനം നിലവിൽ വരിക. അവശ്യഘട്ടത്തിൽ മാത്രം ആക്ടീവാക്കാൻ കഴിയും വിധമായിരിക്കും ഇതിന്റെ ക്രമീകരണം.