അംബാനി  vs അദാനി;   അധ്വാനം,  അതല്ലേ എല്ലാം!

കേന്ദ്ര സർക്കാർ ആദ്യമായി Z കാറ്റഗറി സുരക്ഷ അനുവദിച്ച ഇന്ത്യൻ വ്യവസായി. 24 മണിക്കൂറും ആയുധധാരികളായ 28 സിആർപിഎഫ് കമാൻഡോകൾ  സുരക്ഷ ഉറപ്പാക്കുന്ന ബിസിനസ് മാഗ്നറ്റ്.  അതെ, റിലയൻസ്  ഇൻഡസ്ട്രീസ്  സാമ്രാജ്യങ്ങളുടെ  അധിപനും രാജ്യത്തെയും ഏഷ്യയിലെയും തന്നെ  ഏറ്റവും  വലിയ സമ്പന്നനുമായ മുകേഷ്  അംബാനി തന്നെയാണ് ഈ  വ്യവസായ പ്രമുഖൻ.  ഏറ്റവും വലിയ സമ്പന്നൻ ആയി ഇടയ്ക്ക് അദാനി ഗ്രൂപ്പ് ചെയർമാൻ  ഗൗതം അദാനി ഉയർന്ന്  വന്നെങ്കിലും  റിലയൻസിൻെറ മേൽക്കോയ്മ അങ്ങനെയൊന്നും വിട്ടുകൊടുക്കാൻ മുകേഷ്  അംബാനി  തയ്യാറല്ല.  ഇടയ്ക്ക്  അദാനി എന്റർപ്രൈസ് ഓഹരികൾ കൂപ്പുകുത്തിയപ്പോൾ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി വില ഉയർന്നു. സിംഹാസനത്തിൽ ഇപ്പോൾ മുകേഷ് അംബാനി തന്നെ. 

 ലോകത്തെ  അതിസമ്പന്നരുടെ  പട്ടികയിൽ ആറും, ഏഴും സ്ഥാനങ്ങൾ അലങ്കരിക്കുന്ന  മുകേഷ്  അംബാനിയും  ഗൗതം  അദാനിയും  ഇന്ത്യൻ വ്യവസായികൾക്കെല്ലാം  അഭിമാനമാണ്.   ഇതിൽ അംബാനിക്ക്  കരുത്തേകി വളർത്തിയത്  പിതാവിൻെറ കോടികളുടെ  ബിസിനസ്  സാമ്രാജ്യവും പാരമ്പര്യവും മാത്രമല്ല. കൃത്യമായ ലക്ഷ്യബോധവും  തികഞ്ഞ ആസൂത്രണത്തോടെയുള്ള ചുവടുകളുമായിരുന്നു . അദാനിയെ വളർത്തിയത് ആകട്ടെ 

രാഷ്ട്രീയ ബന്ധങ്ങൾക്കൊപ്പം  നിശ്ചയദാർഡ്യവും ഇച്ഛാശക്തിയും. ഇരുവരുടെയും  ജീവിതകഥകളിലുമുണ്ട്  ബിസിനസ് വളർത്താൻ ആഗ്രഹിക്കുന്നവർക്കുള്ള ചില പാഠങ്ങൾ..

സഹോദരൻെറ വീഴ്ച; മുകേഷ്  അംബാനിയുടെ ഉദയം

ധീരജ്‌ലാൽ ഹീരാചന്ദ് അംബാനി അതവാ ധീരുഭായ് അംബാനി.  ഇന്ത്യയിലെ  ആദ്യകാല വൻകിട വ്യവസായികളിൽ  വേറിട്ടു നിന്ന ഒരാൾ.. റിലയൻസ് ഇൻഡസ്ട്രീസ് എന്ന വ്യവസായ സ്ഥാപനത്തിന് രാജ്യത്ത് അടിത്തറയിട്ട ദീർഘദർശി. 1966 ൽ  തുടങ്ങിയ റിലയൻസ്  കോർപറേഷൻ  എന്ന കമ്പനി ഇപ്പോൾ റിലയൻസ്  ഇൻഡസ്ട്രീസ് എന്ന പേരിൽ  5.8 ലക്ഷം കോടി രൂപയിലേറെ വരുമാനമുള്ള   കമ്പനിയാണ്. രാജ്യത്തെ തന്നെ   ഏറ്റവും വലിയ കമ്പനി. ധീരുഭായ് അംബാനിയുടെ  സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകിയത് മുകേഷ് അംബാനിയും.  

തുടക്കം ഇങ്ങനെ

17 വയസുള്ളപ്പോൾ യമനിലെ ഒരു പെട്രോൾ പമ്പിലെ ജീവനക്കാരാനായിരുന്ന  ധീരുഭായ്  അംബാനി പിന്നീട്
എ. ബെസ്സെ ആൻഡ് കമ്പനിയിലെ സേവനത്തിന് ശേഷം 1957-ൽ ആണ് ഇന്ത്യയിലേക്ക് മടങ്ങുന്നത്. മുംബൈയിൽ മസ്ജിദ് ബന്ദറിലെ 500 ചതുരശ്ര അടി വിസ്തീർണം പോലുമില്ലാഞ്ഞ ഒരു ചെറിയ ഓഫീസിൽ നിന്ന് അദ്ദേഹം ആദ്യം തുടങ്ങിയത്  നൂൽ വ്യാപാര ബിസിനസ് ആണ്. ഓഫീസിൽ ഉണ്ടായിരുന്നത്  ഒരു മേശയും മൂന്ന് കസേരകളും  ഒരു ടെലിഫോണും മാത്രം. സഹായത്തിനായി  രണ്ട് പേരും.

തുടക്കത്തിൽ ബന്ധുക്കളെയും അടുത്ത  സുഹൃത്തുക്ക ഉൾപ്പെടുത്തി  ബിസിനസിന് അടിത്തറയുണ്ടാക്കാൻ ശ്രമിച്ച ധീരുഭായ്  പിന്നീട് പങ്കാളിത്ത ബിസിനസ്  അവസാനിപ്പിച്ചു. എന്ത് വെല്ലുവിളികളും ഏറ്റെടുത്ത് ബിസിനസ്  വളർത്താൻ മുന്നിട്ടിറങ്ങുകയും ചെയ്തു.   സാരികൾ, ഷാളുകൾ, സ്യൂട്ടുകൾ, വസ്ത്രങ്ങൾ എന്നിവയ്ക്കായുള്ള പോളിസ്റ്റർ മെറ്റീരിയലുകൾ വിൽക്കുന്ന വിമൽ എന്ന ബ്രാൻഡ്  പിന്നീട് പിറന്നത്  അങ്ങനെയാണ്.

പിന്നീട് കമ്പനി പെട്രോളിയം മേഖലയിലും ധനകാര്യ മേഖലയിലും  സാന്നിധ്യമറിയിച്ചു. ധീരുഭായിയുടെ  മരണശേഷം കമ്പനിയുടെ തലപ്പത്ത്  മക്കളായ അനിൽ അംബാനിയും മുകേഷ് അംബാനിയും എത്തി.താമസിയാതെ, സഹോദരങ്ങളുടെ ബന്ധത്തിൽ വിള്ളലുകൾ വീണു. ഒടുവിൽ ഇന്ത്യ കണ്ട  ഏറ്റവും വലിയ സ്വത്തു വിഭജനം.     കമ്പനിയുടെ ആസ്തികൾ രണ്ട് സഹോദരന്മാർക്കുമായി അമ്മ കോകില വിഭജിച്ച് നൽകി.

സ്വത്ത് വിഭജനത്തിന് ശേഷം മുകേഷ് അംബാനിക്ക് ഓയിൽ ആൻഡ് ഗ്യാസ്, റിഫൈനിംഗ്, പെട്രോകെമിക്കൽ കമ്പനികൾ ലഭിച്ചു. വൈദ്യുതി, ടെലികോം, ഫിനാൻഷ്യൽ സർവീസ് തുടങ്ങിയ മേഖലകളിലെ ബിസിനസുകൾ അനിൽ അംബാനിക്കും.

മുകേഷ് അംബാനി കഠിനാധ്വാനം ചെയ്തതും അന്ന് ഉയർന്ന വളർച്ചാ നിരക്കുള്ളതുമായ ചില കമ്പനികൾ അനിലിന് ലഭിച്ചതിനാൽ അസ്വാരസ്യങ്ങൾ പിന്നെയും നില നിന്നു. എന്നാൽ ഏറ്റവും വലിയ  സമ്പന്നരുടെ  നിരയിൽ ഉണ്ടായിരുന്ന അനിൽ അംബാനി പിന്നീട്  കടക്കെണിയിലേക്ക് കൂപ്പുകുത്തുകയും മുകേഷ്  അംബാനി  ബിസിനസുകൾ വളർത്തുകയും ചെയ്തു.

 വൈവിധ്യവത്കരണത്തിലൂടെ  വിജയം

ഊർജ്ജം, പെട്രോകെമിക്കൽസ്, തുണിത്തരങ്ങൾ, പ്രകൃതിവിഭവങ്ങൾ, റീട്ടെയിൽ, ടെലികമ്മ്യൂണിക്കേഷൻ തുടങ്ങിയ നാനാ മേഖലകളിൽ സാന്നിധ്യമുള്ള കമ്പനിയായി മുകേഷ് അംബാനി റിലയൻസിനെ  വൈവിധ്യവൽക്കരിച്ചു.
പിന്നീട്  രാജ്യത്തെ  ടെലികോം മേഖലയിൽ വിപ്ലവം തീർത്ത റിലയൻസ് ‘ജിയോ’ സ്ഥാപിച്ചതിനൊപ്പം, മാർക്ക് സക്കർബർഗിന്റെ വാട്ട്‌സ്ആപ്പുമായി സഹകരിച്ച് റീട്ടെയിൽ ഇ-കൊമേഴ്‌സ് വ്യവസായത്തിലേക്കും മുകേഷ് അംബാനി പതുക്കെ ചുവടുവെച്ചിരുന്നു. റിലയൻസിനെ സമ്പൂർണ കടരഹിത കമ്പനിയായി മാറ്റുമെന്ന്   അംബാനി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ജിയോയിലേക്ക്  ഫേസ്ബുക്ക് ഉൾപ്പെടെയുള്ള വൻകിട കമ്പനികളുടെ ശതകോടികളുടെ  നിക്ഷേപം ഒഴുകിയത് കൊവിഡ് കാലത്താണ്. പിന്നീടും മുകേഷ് അംബാനി ബിസിനസ് വിപുലീകരിച്ചു.

റീട്ടെയിൽ  വേരുകൾ കൂടുതൽ ആഴത്തിലാക്കാൻ, റിലയൻസ് ഇൻഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ് ലിമിറ്റഡ് നേരത്തെ തന്നെ രൂപീകരിച്ചെങ്കിൽ, ഏകദേശം 620 കോടി രൂപയ്ക്ക് ഓൺലൈൻ ഫാർമസിയായ നെറ്റ്‌മെഡ്‌സിന്റെ ഭൂരിഭാഗം ഓഹരികളും റിലയൻസ് അടുത്തിടെ സ്വന്തമാക്കിയിരുന്നു  .
മുകേഷ്  അംബാനിയുടെ നേതൃത്വത്തിൽ ആണ് ഇന്ത്യയിലെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയായി  റിലയൻസ് ഇൻഡസ്ട്രീസ് വളർന്നത്. മൂല്യം  10000 കോടി ഡോളർ കവിഞ്ഞ ആദ്യത്തെ ഇന്ത്യൻ കമ്പനിയായി റിലയൻസ് മാറിയതും ആ നേതൃമികവ് കൊണ്ട് തന്നെ. ഇന്ത്യയിലെ ഏറ്റവും ലാഭകരമായ കമ്പനി കൂടിയാണിത്.
കസ്റ്റംസ്, എക്സൈസ് തീരുവയിൽ നിന്ന് സർക്കാർ നേടുന്ന വരുമാനത്തിന്റെ ഏകദേശം അഞ്ച് ശതമാനം ഇപ്പോൾ കമ്പനിയുടെ  സംഭാവനയാണ്. 2022-ൽ 10,090 കോടി യുഎസ്  ഡോളറാണ്  മുകേഷ് അംബാനിയുടെ ആസ്തി.

അദാനി;  കളിക്കളങ്ങൾ അറിഞ്ഞ  കളി,   വേഗത്തിലുള്ള വളർച്ച 

ചെറുകിട ബിസിനസ് രംഗത്തു നിന്ന് മുകേഷ് അംബാനിയെ പോലും  കടത്തി  വെട്ടി  ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ സമ്പന്നനായി മാറി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി.  1988-ൽ അദാനി സ്ഥാപിച്ച അദാനി ഗ്രൂപ്പിന്  കീഴിൽ ഇപ്പോൾ ഒട്ടേറെ ബിസിനസ് സാമ്രാജ്യങ്ങൾ. ഊര്‍ജ മേഖല, ലോജിസ്റ്റിക്സ്, എയറോസ്പേസ്, തുടങ്ങി വളർച്ചാ സാധ്യതയുള്ള വിവിധ മേഖകളിൽ കമ്പനികൾ. കടം പെരുകിയ കമ്പനികളുടെയും ഓഹരി വില പറന്നു.  

ബിസിനസ് മാഗ്നറ്റിന്  ഒരു വർഷത്തിനിടെ രണ്ടേകാൽ ലക്ഷം കോടി രൂപയുടെ വരുമാന വർധന.പണവും സ്വാധീനവും വേണ്ട പോലെ തന്നെ ഉപയോഗപ്പെടുത്തി അടിസ്ഥാന സൗകര്യ വികസന  മേഖലകളിൽ  ശ്രദ്ധ കേന്ദ്രീകരിച്ചതാണ്  വിജയത്തിന് അടിസ്ഥാനം എന്ന് പറയാം.

കണ്ണ്  ചിമ്മി തുറക്കും  വേഗത്തിലുള്ള  അദാനി ഗ്രൂപ്പിൻെറ  വളര്‍ച്ച മോദിയുടെ ഭരണകാലത്താണ്. എയര്‍പോര്‍ട്ട് സ്വകാര്യവത്കരണം മുതൽ വിവിധ മേഖലകളിൽ അദാനിക്ക് അനുകൂലമായ നയങ്ങൾ പ്രധാനമന്ത്രി കൈക്കൊള്ളുന്നത് തുടക്കം മുതൽ തന്നെ രാഷ്ട്രീയ വിമര്‍ശനങ്ങൾക്കും വഴി വെച്ചിരുന്നത്  ഇതോടൊപ്പം ചേർത്ത് വായിക്കണം. അദാനി ഗ്രൂപ്പിന് ഏറ്റവും അനുയോജ്യമായ സർക്കാർ ഇടപെടലിന് ഏറ്റവും വലിയ ഉദാഹരണം ആറ് പ്രധാന വിമാനത്താവളങ്ങൾ അദാനി എൻറർപ്രൈസസിന് തന്നെയാണ് സര്‍ക്കാര്‍ പാട്ടത്തിന് നൽകിയത് എന്നതാണ്. തന്ത്ര പ്രധാന മേഖലകളിൽ ആണ് ബിസിനസ് എന്നതിനാൽ തന്നെ സര്‍ക്കാരിൻെറ പിന്തുണ എളുപ്പമായി. 

2022 ഫെബ്രുവരിയിൽ ഗൗതം അദാനി മുകേഷ് അംബാനിയെ പിന്തള്ളി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന സ്ഥാനം സ്വന്തമാക്കിയിരുന്നു. പിന്നീട് റഷ്യ- യുക്രൈൻ യുദ്ധത്തെ തുടർന്ന്  റിലയൻസ് ഇൻഡസ്ട്രീസ്  ഓഹരികൾ കുതിച്ചത് മുകേഷ് അംബാനിക്ക് സമ്പന്ന പദവി തിരിച്ച് നൽകി.  എന്നാൽ ശക്തനായ പ്രതിയോഗിയായി തന്നെ ഗൗതം അദാനി തൊട്ടു പിന്നിലുണ്ട്. 9,850 കോടി രൂപയാണ് ആസ്തി.

പറയത്തക്ക സമ്പത്തോ കുടുംബ ബിസിനസ് പാരമ്പര്യമോ  അവകാശപ്പെടാനില്ലാത്ത ആളാണ്  അദാനി.പിതാവ് ഒരു ചെറിയ വസ്ത്ര വ്യാപാരിയായിരുന്നു. അദാനിക്ക് ബിസിനസിൽ താൽപ്പര്യമുണ്ടായിരുന്നെങ്കിലും കണ്ണു വെച്ചത് പിതാവിന്റെ തുണി വ്യവസായത്തിലായിരുന്നില്ല.

എളിയ തുടക്കം

ഒരു ഡയമണ്ട് സോർട്ടറായി ജോലി ചെയ്തിരുന്ന അദാനി ജ്യേഷ്ടനൊപ്പം പോളിമർ ബിസിനസ് രംഗത്ത് എത്തി.
1985-ൽ അദ്ദേഹം ചെറുകിട വ്യവസായങ്ങൾക്കായി  പോളിമറുകൾ ഇറക്കുമതി ചെയ്യാൻ തുടങ്ങി, 1988-ൽ, അദാനി ഗ്രൂപ്പിന്റെ ഹോൾഡിംഗ് കമ്പനിയായ അദാനി എന്റർപ്രൈസസ് എന്നറിയപ്പെടുന്ന കമ്പനി അദാനി എക്‌സ്‌പോർട്ട്‌സ് സ്ഥാപിച്ചു. കാർഷിക, ഊർജ്ജ ചരക്കുകളാണ് ആദ്യം കൈകാര്യം ചെയ്തിരുന്നത്.

1991-ലെ  ഉദാരവൽക്കരണ നയങ്ങൾ  കമ്പനിക്ക് അനുകൂലമായതോടെ, ലോഹങ്ങൾ, തുണിത്തരങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയുടെ വ്യാപാരത്തിലേക്ക് ബിസിനസ്സ് വ്യാപിപ്പിച്ചു. 1994-ൽ ഗുജറാത്ത് സർക്കാർ മുന്ദ്ര തുറമുഖത്തിന്റെ  ഔട്ട്‌സോഴ്‌സിംഗ് പ്രഖ്യാപിക്കുകയും 1995-ൽ അദാനിക്ക് കരാർ ലഭിക്കുകയും ചെയ്തു.  പിന്നീട്  അദാനി എന്റർപ്രൈസസിനെറ ഗതിവിഗതികൾ മാറി.  ഇന്ന്, കമ്പനി രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മൾട്ടി-പോർട്ട് ഓപ്പറേറ്റർ കൂടെയാണ്.  എയർപോർട്ട് പരിപാലന രംഗത്തും പയറ്റിയത് ഇതേ തന്ത്രങ്ങൾ തന്നെ.  
ബിസിനസ് കുതിപ്പിന് എൻഡിഎ സർക്കാരുമായി പ്രത്യേകിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധങ്ങളും കരുത്തേകി

Leave a Reply

Your email address will not be published. Required fields are marked *