യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സേവനം ആരംഭിച്ച് ഫ്ലിപ്കാര്‍ട്ട് ഇന്ത്യ. ആക്സിസ് ബാങ്കുമായി സഹകരിച്ചാണ് സേവനം ആരംഭിച്ചിരിക്കുന്നത്. പുതിയ സേവനം ഫ്ലിപ്കാര്‍ട്ട് ഉപയോക്താക്കള്‍ക്കാണ് പ്രയോജനം ചെയ്യുക. ആപ്പ് തുറന്നാല്‍ ആദ്യം കാണുന്ന യുപിഐ സ്കാനര്‍ ഉപയോഗിച്ച് ഇനി ഇടപാടുകള്‍ നടത്താനാവുമെന്ന് കമ്പനി അറിയിച്ചു.
തുടക്കത്തില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഫ്ലിപ്കാര്‍ട്ട് യുപിഐ സേവനം ലഭ്യമാവുക. വൈകാതെ ഐ.ഒ.എസിലേക്കും എത്തും. ഓണ്‍ലൈന്‍, ഓഫ്ലൈന് പേയ്മെന്റുകള്‍ക്കായി ഈ സേവനം ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്. പണം കൈമാറ്റം ചെയ്യാനും റീചാര്‍ജ് ചെയ്യാനും ബില്‍ പേയ്മെന്റുകള്‍ക്കും ഇവ പ്രയോജനപ്പെടുത്താവുന്നതാണെന്ന് കമ്പനി വ്യക്തമാക്കി.
ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ആപ്പിനുള്ളില്‍ ‘ഫ്ലിപ്പ്കാര്‍ട്ട് യുപിഐ’ ബാനര്‍ നോക്കി അതില്‍ ടാപ്പ് ചെയ്യുക. ‘ബാങ്ക് അക്കൗണ്ട് ചേര്‍ക്കുക’ എന്ന ഓപ്ഷന് തിരഞ്ഞെടുക്കണം. ഫ്ലിപ്കാര്‍ട്ട് യുപിഐയുമായി ലിങ്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന ബാങ്ക് സെലക്ട് ചെയ്യുക. കണ്ഫര്മേഷന് നല്‍കുക. വെരിഫിക്കേഷന് പൂര്‍ത്തിയാക്കിയാല്‍ ഉപയോക്താക്കള്‍ക്ക് പരിധികളില്ലാതെ പേയ്മെന്റുകള്‍ നടത്തുന്നതിന് ഫ്ലിപ്പ്കാര്‍ട്ട് യുപിഐ ഉപയോഗിച്ച് തുടങ്ങാമെന്നും കമ്പനി അറിയിച്ചു.
ഇന്ത്യയില്‍ കോടിക്കണക്കിന് ഉപയോക്താക്കളുള്ള യുപിഐ ആപ്പായ ഫോണ്‍പേ നിലവില്‍ ഫ്ലിപ്കാര്‍ട്ടിന് കീഴിലാണ്. 50 കോടിയോളം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളും, 14 ലക്ഷത്തിലേറെ സെല്ലര്‍മാരും കണക്കുകള്‍ പ്രകാരം ഫ്ലിപ്കാര്‍ട്ടിന് സ്വന്തമാണ്. അതുകൊണ്ട് തന്നെ ഈ യൂസര്‍ബേസ് പുതുതായി ആരംഭിച്ച യുപിഐ സേവനത്തിന് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് കമ്പനി.