പണമിടപാടുകളിൽ ജനപ്രീതിയാർജിച്ച് നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (എൻ ഇ എഫ് ടി ). കഴിഞ്ഞ 29ആം തീയതി ഒറ്റ ദിവസം കൊണ്ട് 4,10,61,337 ഇടപാടുകൾ ആണ് എൻ ഇ എഫ് ടി വഴി നടന്നത്. ഒറ്റ ദിവസം കൊണ്ട് നടക്കുന്ന ഏറ്റവും വലിയ ഇടപാടാണിത്. നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ സംവിധാനവും റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർടിജിഎസ്) സംവിധാനവും യഥാക്രമം റീട്ടെയിൽ, മൊത്തവ്യാപാര പേയ്മെന്റുകൾക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത് .
കഴിഞ്ഞ പത്ത് വർഷങ്ങളിൽ (2014-23)എൻ ഇ എഫ് ടി ,ആർടിജിഎസ് സംവിധാനങ്ങൾ ഇടപാടുകളുടെ അടിസ്ഥാനത്തിൽ യഥാക്രമം 700 ശതമാനവും 200 ശതമാനവും മൂല്യത്തിന്റെ അടിസ്ഥാനത്തിൽ യഥാക്രമം 670 ശതമാനവും 104 ശതമാനവും വളർച്ച രേഖപ്പെടുത്തിയതായി ആർബിഐ വ്യക്തമാക്കി. . 2023 മാർച്ച് 31-ന് ആർടിജിഎസിലൂടെ റെക്കോർഡായ 16.25 ലക്ഷം ഇടപാടുകൾ ഒരു ദിവസം നടന്നു.
എൻഇഎഫ്ടി സൗകര്യം 24 മണിക്കൂറും വർഷത്തിൽ 365 ദിവസവും ലഭ്യമാക്കുന്നതിന് 2019 മുതലാണ് തുടക്കമായത്. അതു വരെ രാവിലെ 8 നും വൈകിട്ട് 6.30 നും ഇടയിലാണ് എൻഇഎഫ്ടി ലഭ്യമായിരുന്നത്. ഇതോടെ ആണ് ഇടപാടുകളുടെ എണ്ണവും കൂടിയത്. ബാങ്കിംഗ് സമയത്തിന് ശേഷം നടത്തുന്ന എൻ ഇ എഫ് ടി ഇടപാടുകൾ ബാങ്കുകൾ ‘സ്ട്രൈറ്റ് ത്രൂ പ്രോസസിംഗ് ‘ ഉപയോഗിച്ചാണ് ചെയ്യുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ , ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ മിക്ക ബാങ്കുകളും എൻഇഎഫ്ടി ഓൺലൈൻ ട്രാൻസ്ഫറുകൾക്ക് ചാർജ് ഈടാക്കുന്നില്ല