റിസർവ് ബാങ്കിന്റെ 2024-2025 സാമ്പത്തിക വർഷത്തിലെ ആദ്യ നയാവലോകന യോഗം ഏപ്രിൽ മൂന്ന് മുതൽ അഞ്ചു വരെയാണ് നടക്കുക. തുടർന്ന് ജൂൺ, ഓഗസ്റ്റ്, ഒക്ടോബർ ഡിസംബർ, ഫെബ്രുവരി മാസങ്ങളിലെ ആദ്യ ആഴ്ചകളിലും ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരും. ഇന്ത്യയുടെ ആഭ്യന്തര ഉൽപാദനം മുന്നേറുകയും, പണപ്പെരുപ്പം നിയന്ത്രിതമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ ആർബിഐ ‘വിത്ത്ഡ്രോവൽ ഓഫ് അക്കോമൊഡേഷൻ’ നയം തുടർന്നേക്കാമെന്നും, പതിയെ ‘ന്യൂട്രൽ’ നയത്തിലേക്ക് മാറിയേക്കാമെന്നും കരുതുന്നു.
ഇപ്പോൾ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയും, പിപിപി (പർച്ചേയ്‌സിങ് പവർ പാരിറ്റി) അടിസ്ഥാനത്തിലാണെങ്കിൽ മൂന്നാമത്തെ സാമ്പത്തിക ശക്തിയുമായ ഇന്ത്യ 2032ൽ ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയും, 2050ൽ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയുമായി മാറുമെന്ന് ആർബിഐ ഡെപ്യൂട്ടി ഗവർണർ മൈക്കൽ പത്ര ജപ്പാനിൽ നടന്ന നോമുറയുടെ സെൻട്രൽ ബാങ്കേഴ്സ് സെമിനാറിൽ പ്രസ്താവിച്ചതും ആർബിഐ നയങ്ങളെ സ്വാധീനിച്ചേക്കാം.